PM Security Lapse: പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ആർഎസ്എസ്

By Web TeamFirst Published Jan 7, 2022, 6:37 PM IST
Highlights

 "ഉത്തരവാദികൾ ആരുമാവട്ടെ, കർശനമായ നടപടികൾ സ്വീകരിക്കണം" എന്നും ആർഎസ്എസ് സർകാര്യവാഹ്‌ പറഞ്ഞു. 

ഹൈദരാബാദ് : പഞ്ചാബ് പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിനു മുകളിൽ കുടുങ്ങിയ സംഭവം അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ആർഎസ്എസിന്റെ പ്രതികരണം."രാജ്യത്തെ പരമോന്നത ഭരണഘടനാ പദവികളിൽ ഒന്ന് വഹിക്കുന്ന ഒരാളിനെ അകാരണമായി വഴിയിൽ തടഞ്ഞുവെക്കുന്നത് രാജ്യത്തിന് ഹിതകരമല്ല" എന്ന് ആർഎസ്എസിന്റെ അഖില ഭാരതീയ സഹ സർകാര്യവാഹ് ആയ ഡോ. മൻമോഹൻ വൈദ്യ പറഞ്ഞു. "ഉത്തരവാദികൾ ആരുമാവട്ടെ, കർശനമായ നടപടികൾ സ്വീകരിക്കണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ സംഘടിപ്പിക്കപ്പെട്ട ത്രിദിന അഖിൽ ഭാരതീയ സമന്വയ് ബൈഠകിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. 

ഹൈദരാബാദിൽ നടന്ന, മൂന്നു ദിവസം നീണ്ടുനിന്ന ഈ ശിബിരം പരിസ്ഥിതി സംരക്ഷണം, കുടുംബക്ഷേമം, സാമുദായികസന്തുലനം തുടങ്ങിയ പല വിഷയങ്ങളും ചർച്ചക്കെടുത്തിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 36 സംഘടനകളെ ഒരേ വേദിയിൽ കൊണ്ടുവന്നുകൊണ്ടാണ് ആർഎസ്എസ് ഈ സമന്വയ ശിബിരം സംഘടിപ്പിച്ചിട്ടുള്ളത്. നമ്മുടെ നാടിന് ഇന്നാവശ്യം ഭാരതത്തെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളാണ് എന്നും ഡോ. വൈദ്യ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പക്ഷപാതരഹിതമായ രീതിയിൽ പഠിപ്പിക്കേണ്ടതും മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ന് ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള നിരവധി യുവാക്കൾ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താത്പര്യം കാണിച്ചുകൊണ്ട് മുന്നോട്ടു വരുന്നുണ്ട് എന്നും, ഇന്ത്യയിൽ ഇപ്പോൾ പ്രവർത്തിച്ചു പോരുന്ന 55,000 ശാഖകൾ വഴി അവരെ രാഷ്ട്രനിർമാണത്തിന് വേണ്ടി ഏകോപിപ്പിക്കുകയാണ് ആർഎസ്എസ് ചെയ്യുന്നത് എന്നും ഡോ. വൈദ്യ പറഞ്ഞു. ഈ ത്രിദിന ശിബിരത്തിൽ ആർഎസ്എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ്‌ ദത്താത്രേയ ഹൊസാബലെ എന്നിവരും പങ്കെടുക്കുകയുണ്ടായി. 

click me!