ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ല, ഭരണഘടനയോട് ചേര്‍ന്ന് നില്‍ക്കും- മോഹന്‍ ഭാഗവത്

By Web TeamFirst Published Jan 18, 2020, 6:58 PM IST
Highlights

രാജ്യത്തെ ഉന്നത ബുദ്ധിജീവികളും സാമൂഹിക പരിഷ്കാര്‍ത്തക്കളും ഞങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഞങ്ങളുടെ ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതാണ് ഞങ്ങളുടെ വിജയമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

മൊറാദാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘിന്(ആര്‍എസ്എസ്) രാഷ്ട്രീയവുമായി ബന്ധമില്ലെന്നും രാജ്യത്തെ സാംസ്കാരികമായും ധാര്‍മികമായും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും തലവന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി മൊറാദാബാദില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് എക്കാലത്തും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തോട് ചേര്‍ന്ന് നിന്നായിരിക്കും പ്രവര്‍ത്തിക്കുക. വ്യക്തിതാല്‍പര്യമില്ലാത്ത, രാജ്യത്തെ സേവിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട്. ചിലര്‍ രാഷ്ട്രീയത്തില്‍ നിന്നും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. കഴിഞ്ഞ 60 വര്‍ഷമായി രാജ്യത്തിന്‍റെ ധാര്‍മിക മൂല്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ബിജെപിയെ നിയന്ത്രിക്കുന്ന ശക്തി ആര്‍എസ്എസാണെന്ന ആരോപണത്തെയും മോഹന്‍ ഭാഗവത് എതിര്‍ത്തു. രാജ്യത്തിന്‍റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആര്‍എസ്എസുകാരനാകാം. അതിന് ശാഖയില്‍ വരണമെന്നില്ല.

സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന വിനോബെ ഭാവെ സംഘടന ആളായിരുന്നില്ല. പക്ഷേ ആര്‍എസ്എസിന്‍റെ സമാന പ്രത്യയശാസ്ത്രം പിന്തുടരുന്നയാളായിരുന്നുവെന്ന് ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് തലവന്‍ എംഎസ് ഗോള്‍വാള്‍ക്കറുമായുള്ള വിനോബ ഭാവെയുടെ കൂടിക്കാഴ്ചയെ ഉദ്ധരിച്ചാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ഉന്നത ബുദ്ധിജീവികളും സാമൂഹിക പരിഷ്കാര്‍ത്തക്കളും ഞങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അവര്‍ ഞങ്ങളുടെ ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതാണ് ഞങ്ങളുടെ വിജയമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയിലെ എല്ലാവരുടെയും പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നുവെന്നും ഭാഗവത് പറഞ്ഞു. 

ആത്മീയതയും ബുദ്ധിയുമുള്ള അധികാരത്തെയാണ് സ്വാമി വിവേകാനന്ദന്‍ പിന്തുണച്ചത്. അതിന് വേണ്ടി നമുക്കും പരിശ്രമിക്കാം. ചൈനയും റഷ്യയും അമേരിക്കയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അമേരിക്ക അവരുടെ അന്തസ് നഷ്ടപ്പെടുത്തിയെന്നും ഭാഗവത് പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഭാഗവത് ഒന്നും പറഞ്ഞില്ല. 

click me!