ചംപായ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും; ഇഡി കസ്റ്റഡിയിൽ ഗവര്‍ണറെ കണ്ട് രാജിവച്ച് ഹേമന്ത് സോറൻ, അറസ്റ്റ് ഉടൻ

Published : Jan 31, 2024, 08:57 PM ISTUpdated : Jan 31, 2024, 08:58 PM IST
ചംപായ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും; ഇഡി കസ്റ്റഡിയിൽ ഗവര്‍ണറെ കണ്ട് രാജിവച്ച് ഹേമന്ത് സോറൻ, അറസ്റ്റ് ഉടൻ

Synopsis

ഇഡി കസ്റ്റഡിയിലാണ് ഹേമന്ത് സോറൻ ഗവര്‍ണറെ കാണാനെത്തിയത്. ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കാണാൻ നേരത്തെ തന്നെ ഇദ്ദേഹം സമയം ചോദിച്ചിരുന്നു

റാഞ്ചി: ഭൂമി അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. സംസ്ഥാനം ഭരിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള എംഎൽഎമാര്‍ ഗവര്‍ണറുടെ വസതിയിലെത്തി ഗതാഗത വകുപ്പ് മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. 48 എംഎൽഎമാരാണ് ഗവര്‍ണറെ കണ്ടത്. കോൺഗ്രസ് എംഎൽഎമാരടക്കം രാജ്ഭവനിലെത്തി. നേരത്തെ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു.

ഇന്ന് ഉച്ചയ്യ് ഒരു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഇഡി കസ്റ്റഡിയിലാണ് ഹേമന്ത് സോറൻ ഗവര്‍ണറെ കാണാനെത്തിയത്. ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കാണാൻ നേരത്തെ തന്നെ ഇദ്ദേഹം സമയം ചോദിച്ചിരുന്നു. ഇത് പ്രകാരമാണ് ഹേമന്ത് സോറൻ എത്തിയത്. രാജിക്കത്ത് നൽകാനായിരുന്നു സന്ദര്‍ശനം.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിലെത്തിയത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ വസതിക്കും പരിസരത്തും വൻ സുരക്ഷ ഏർപ്പെടുത്തി നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നതിനിടെ ഇഡി ഉദ്യോ​ഗസ്ഥർക്കെതിരെ സോറൻ നൽകിയ പരാതിയിൽ റാഞ്ചി ധുർവ പോലീസ് സ്റ്റേഷനിൽ കേസെടുത്തു. പട്ടിക ജാതി - പട്ടിക വർ​ഗ പീ‍‍ഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി അപകീർത്തിപ്പെടുത്തി, മുൻകൂട്ടി അറിയിക്കാതെ വീട്ടിൽ പരിശോധന നടത്തി, കണ്ടുകെട്ടിയെന്ന് ഇഡി പറയുന്ന ബിഎംഡബ്ലിയു കാർ തന്റെതല്ലെന്നും സോറൻ നൽകിയ പരാതിയിലുണ്ട്. ഇഡി നടപടിക്കെതിരെ റാഞ്ചിയിലുൾപ്പടെ സംസ്ഥാനത്തെമ്പാടും ജാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. രാജ്ഭവനും ഇഡി ഓഫീസിനും സുരക്ഷ കൂട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ