Russia Ukraine Conflict : ഇന്ത്യക്കാരെ അതിവേ​ഗം തിരികെയത്തിക്കും; നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യമന്ത്രാലയം

Published : Feb 24, 2022, 07:30 AM IST
Russia Ukraine Conflict : ഇന്ത്യക്കാരെ അതിവേ​ഗം തിരികെയത്തിക്കും;  നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യമന്ത്രാലയം

Synopsis

ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് എത്തുന്നത്. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. കൂടാതെ മറ്റു വിമാനകമ്പനികളോടും യുക്രൈനിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്

ദില്ലി: യുക്രൈനിലെ (Ukraine)  സ്ഥിതി ഇന്ത്യ (India)  നിരന്തരം നിരീക്ഷിച്ച് കൊണ്ട് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യമന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ദില്ലിയിൽ എത്തും. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണിത്. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് എത്തുന്നത്. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക.

കൂടാതെ മറ്റു വിമാനകമ്പനികളോടും യുക്രൈനിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നതിന് ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ആദ്യ വിമാനത്തിൽ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ദില്ലിയിൽ എത്തിയത്. 

 രണ്ട് പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി

അതേസമയം, യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ട് പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്‍റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.

ഇപ്പോൾ യുക്രൈനിലുള്ള പാവ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന പ്രവിശ്യകളായ ഡൊണസ്ക്, ലുഹാൻസ്കെ എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യൻ അനുകൂലികളുടെ ഈ പ്രവിശ്യകളിലേക്ക് റഷ്യ സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളിൽ സമാധാനം ഉറപ്പിക്കാനാണെന്നുമാണ് പുടിന്‍ പറഞ്ഞത്. പുടിന്‍റെ സൈനിക നീക്കത്തോട്  കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. സൈന്യത്തെ അയച്ച റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന്  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചു. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു.

റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന്  ഐക്യരാഷ്ട്ര സഭ മേധാവി അന്‍റോണിയോ ഗുട്രസ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര യുഎൻ രക്ഷാ സമിതി യോഗത്തിൽ ലോകരാജ്യങ്ങൾ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു. അതിർത്തികൾ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. റൂഹ്സ്യൻ പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്