Russia Ukraine Crisis : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ: മോദി ഇന്ന് പുടിനെ വിളിക്കും; ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

Published : Feb 24, 2022, 07:52 PM ISTUpdated : Feb 24, 2022, 08:08 PM IST
Russia Ukraine Crisis : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ: മോദി ഇന്ന് പുടിനെ വിളിക്കും; ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

Synopsis

അതിനിടെ ഹംഗറി വഴി രക്ഷാപ്രവർത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ വിറങ്ങലിപ്പിച്ച് നിൽക്കുന്ന റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം. അതിനിടെ ഹംഗറി വഴി രക്ഷാപ്രവർത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹംഗറി അതിർത്തിയായ സോഹന്യയിലേക്ക് ഇന്ത്യൻ എംബസി അധികൃതർ എത്തും.

റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. കീവിലെ സൈനിക വിമാനത്താവളം ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമിച്ചു. കീവിൽ യുക്രൈൻ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്രസ്ഫോടനം നടന്നു. ഒഡേസ തുറമുഖത്ത് മാത്രം മരണം 18 ആയി. റഷ്യയും യുക്രൈയ്നും തമ്മിലുള്ല യുദ്ധത്തിലേക്ക് നേരിട്ടില്ലെന്ന് പ്രഖ്യാപിച്ച് നാറ്റോ കൈകഴുകി. സഖ്യരാജ്യങ്ങൾക്ക് സ്വന്തം നിലയിൽ സഹായം നൽകാമെന്നാണ് നിലപാട്. ഇതോടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ട യുക്രൈൻ ലോക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. തങ്ങൾക്ക് എല്ലാവിധ സഹായവും നൽകണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും വ്ലാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.

അതിർത്തിയിൽ സംഘർ‍ഷ സാധ്യത ഉടലെടുത്തത് മുതൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സഹായത്തിനെത്തുമെന്ന വിശ്വാസത്തിലായിരുന്നു യുക്രൈൻ. ആൾ ബലത്തിലും ആയുധങ്ങളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പുടിന്‍റെ സൈന്യത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ പിടിച്ചു നിൽക്കാമെന്ന ധാരണയായിരുന്നു യുക്രൈന്. 

എന്നാൽ റഷ്യൻ ആക്രമണം തുടങ്ങി 12 മണിക്കൂർ തികയും മുൻപേ യുദ്ധ മുഖത്തേക്ക് നേരിട്ടില്ലെന്ന് നാറ്റോ പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളിൽ ആർക്കും സ്വന്തം നിലയിൽ ആയുധം നൽകാം. മറ്റ് സഹായങ്ങളും തുടരാം. സൈനിക സഹായം നൽകുമെന്ന ബ്രിട്ടന്‍റെയും കാനഡയുടെയും പ്രഖ്യാപനത്തിൽ മാത്രമാണ് യുക്രൈന് പ്രതീക്ഷയുള്ളത്. ഇതോടെ എല്ലാ പൗരന്മാർക്കും ആയുധം നൽകുമെന്ന് യുക്രൈൻ പ്രഖ്യാപിച്ചു. റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും യുക്രൈൻ അവസാനിപ്പിച്ചു. സൈനിക നടപടിയിൽ നിന്ന് പിന്മാറണമെന്ന് പുടിനോട് ആവശ്യപ്പെടണമെന്ന് യുക്രൈയ്ൻ പ്രസിഡന്‍റ് വ്ലോദിമെർ സെലൻസ്കി റഷ്യൻ ജനതയോട് അവരുടെ ഭാഷയിൽ അഭ്യർത്ഥിച്ചു.

ഇതിനിടെ അമേരിക്കൻ യുദ്ധവിമാനം യുക്രൈൻ അതിർത്തിയിലെത്തി സ്ഥിതിഗതികൾ വീക്ഷിച്ച് തിരികെപ്പോയി. പ്രതീക്ഷിച്ച സമയത്ത് നാറ്റോയിൽ നിന്ന് സഹായം എത്താതിരുന്നതോടെ ലോക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കേണ്ടി വന്നു യുക്രൈന്. യുക്രൈന് മാനുഷിക, സാമ്പത്തിക, ആയുധസഹായം ഉൾപ്പെടെ നൽകണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. റഷ്യക്കെതിരെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ ഉപരോധത്തെ ഇന്നലെത്തന്നെ പുടിൻ തള്ളിക്കളഞ്ഞിരുന്നു.
 

നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍ 

യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി- 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി-10  എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം. ആകെ 20ഓളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്.  ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.  വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല