'പാമ്പുകള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍', ഗുഹയ്ക്കുള്ളിൽ ധ്യാനവും യോഗയും, വിശപ്പടക്കാൻ നൂഡിൽസ്, കുഞ്ഞുങ്ങളുണ്ടായത് ഇന്ത്യയിലെത്തിയശേഷമെന്ന് റഷ്യൻ യുവതി

Published : Jul 14, 2025, 11:17 AM IST
russian women

Synopsis

അതേസമയം, ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണമാണ്. അനധികൃത കുടിയേറ്റക്കാരുടെ കേസുകള്‍ തീര്‍പ്പാക്കി തിരിച്ചയിക്കുന്നതിന് കൂടുതൽ പണവും ആവശ്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്

ബെംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ വനമേഖലയിലെ ഗുഹയിൽ കഴിഞ്ഞിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ രണ്ടു പെണ്‍മക്കളെയും നാടുകടത്തുന്നതിനുള്ള നടപടികള്‍ കര്‍ണാടക പൊലീസ് ആരംഭിച്ചു. നിലവിൽ വനിത സംരക്ഷണ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്. 

ഇവരെ റഷ്യയിലേക്ക് തിരിച്ചയിക്കുന്നതിനുള്ള നടപടികള്‍ക്കായി ബെംഗളൂരുവിലെ ഫോറിനര്‍ റീജ്യണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതിയെയും മക്കളെയും ബെംഗളൂരുവിലെത്തിക്കുമെന്നും ഉത്തര കന്നട പൊലീസ് സൂപ്രണ്ട് എം നാരായണ്‍ പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണമാണ്. അനധികൃത കുടിയേറ്റക്കാരുടെ കേസുകള്‍ തീര്‍പ്പാക്കി തിരിച്ചയിക്കുന്നതിന് കൂടുതൽ പണവും ആവശ്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇന്ത്യൻ സര്‍ക്കാരോ റഷ്യൻ സര്‍ക്കാരോ അവരുടെ യാത്രക്കുള്ള തുക നൽകുകയില്ല. ഇതിനാൽ തന്നെ ഫണ്ട് സമാഹരിച്ചാൽ മാത്രമെ അവരെ തിരിച്ചയക്കാനാകു.

അതേസമയം, യുവതിയെയുടെയും കുട്ടികളുടെയും കാര്യത്തിൽ നിരവധി വിവരങ്ങളും പൊലീസിന് തേടേണ്ടതുണ്ട്. ഇവര്‍ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ, ഏതെങ്കിലും ഹോട്ടലുകളിൽ രേഖകളില്ലാതെ താമസിച്ചിട്ടുണ്ടോ, ഇന്ത്യയിലെത്തിയശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ എങ്ങനെയാണ് യുവതി രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകിയത് തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് വ്യക്തത വേണ്ടത്. ഗുഹയ്ക്കുള്ളിൽ യുവതി വാങ്ങിവെച്ചിരുന്ന പലചരക്ക് വസ്തുക്കളും നൂഡിൽസും മറ്റു ഭക്ഷണ സാധനങ്ങളും മരത്തടികളും മറ്റു സാധനങ്ങളുമടക്കം പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെത്തിയശേഷമാണ് രണ്ടു കുഞ്ഞുങ്ങളും ജനിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും യുവതി വെളിപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2004 ഡിസംബറിനുശേഷം ജനിച്ച അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരായ കുഞ്ഞുങ്ങള്‍ക്കും അതല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാള്‍ ഇന്ത്യൻ പൗരനായിരിക്കുകയും മറ്റെയാള്‍ നിയമപരമായി കുടിയേറിയ ആളായിരിക്കുകയും ചെയ്താൽ മാത്രമാണ് പൗരത്വം ലഭിക്കുക. റഷ്യൻ യുവതിയുടെ കാര്യത്തിൽ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ അവര്‍ അനധികൃത കുടിയേറ്റക്കാരിയാണ്. അതിനാൽ തന്നെ കുട്ടികള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല.

കഴിഞ്ഞ ദിവസമാണ് കൊടുംകാട്ടിലെ ഗുഹയിൽ നിന്ന് റഷ്യൻ യുവതിയായ നിന കുടിന (40), ഇവരുടെ ആറും നാലും വയസുള്ള പെണ്‍മക്കളെയും ഗോഖര്‍ണ പൊലീസ് രക്ഷപ്പെടുത്തിയത്. സ്ഥലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പരിശോധന നടത്തിയ പൊലീസാണ് ഇവരെ രക്ഷിച്ചത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞ് എട്ട് വർഷമായെന്ന് കണ്ടെത്തിയ പൊലീസ് യുവതിയെ കുട്ടികൾക്കൊപ്പം വനിതാ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 2016-ലാണ് ബിസിനസ് വിസയിൽ നിന കുടിന ഇന്ത്യയിലെത്തിയത്. ഗോവയിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. 2017ൽ വിസാ കാലാവധി കഴിഞ്ഞു. 2018-ൽ എക്സിറ്റ് നിർദേശം കിട്ടിയപ്പോൾ നേപ്പാളിലേക്ക് പോയ ഇവർ പിന്നീട് അംഗീകൃത വിസയില്ലാതെയാണ് ഇന്ത്യയിലേക്ക് റോഡ് മാർഗം തിരിച്ചെത്തി. പിന്നീട് പലയിടങ്ങളിലായി വനമേഖലകളിൽ കഴിഞ്ഞ് വരികയായിരുന്നു.

ആദ്ധ്യാത്മികതയാണ് തന്നെ ഇന്ത്യയിലേക്ക് ആകർഷിച്ചതെന്നാണ് നിന പറയുന്നത്. ഗോകർണത്തിനടുത്തുള്ള രാമതീർത്ഥത്തിന് മുകളിലുള്ള വനമേഖലയിലെ ഗുഹയിൽ നിന്നാണ് കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായത്. ആളൊഴിഞ്ഞ വനമേഖലയിൽ രണ്ട് കുട്ടികളുമായി വിദേശവനിതയെ കണ്ട പൊലീസ് സംഘം അക്ഷരാർഥത്തിൽ അമ്പരന്നു. ആറും വയസ്സും നാലു വയസു പ്രായമുള്ള രണ്ട് കുട്ടികളുമായാണ് ഇവർ ഈ ഗുഹയിൽ കഴിഞ്ഞത്.

മോഹി എന്ന പേരാണ് നിന സ്വീകരിച്ചിരുന്നത്. വനത്തിൽ ധ്യാനം നടത്താനും ദൈവങ്ങള്‍ക്ക് പൂജ ചെയ്യാനും വളരെയെറെ ഇഷ്ടപ്പെടുന്നയാളാണ് നിനയെന്ന് ഗോഖര്‍ണ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്ആര്‍ ശ്രീധര്‍ പറഞ്ഞു. ആരാണ് കുട്ടികളുടെ പിതാവ് എന്നകാര്യമടക്കം യുവതി വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളെ ആശുപത്രിയിലാണോ പ്രസവിച്ചതെന്നും അവര്‍ക്ക് വേണ്ട പരിചരണം ലഭിച്ചിരുന്നുവെന്ന കാര്യമടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇന്ത്യയും കാടുകളെയും ആത്മീയതെയും വളരെ സ്നേഹിക്കുന്നുവെന്നും അതിനാലാണ് വനത്തിൽ കഴിഞ്ഞതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഹോട്ടലുകളിൽ താമസിക്കാതെ കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഈ ഗുഹയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

പാമ്പുകള്‍ ഉള്ള സ്ഥലമാണെന്നും അപകടസാധ്യതയേറെയാണെന്നും പറഞ്ഞപ്പോള്‍ പാമ്പുകള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്നും വെള്ളച്ചാട്ടത്തിനരികെ കുളിക്കാൻ പോകുമ്പോള്‍ പാമ്പുകള്‍ ചുറ്റിലും ഇഴയാറുണ്ടെങ്കിലും ഒന്നും ചെയ്യാറില്ലെന്നുമുള്ള വിചിത്ര മറുപടിയാണ് യുവതി നൽകിയത്. മഴക്കാലത്ത് കുറഞ്ഞ വസ്ത്രങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആ സമയത്ത് പ്രകൃതിയുമായി ഇഴകി ചേര്‍ന്ന് ജീവിക്കാനാണ് താത്പര്യപ്പെട്ടിരുന്നത്.

ഭക്ഷണ സാധനങ്ങള്‍ ആവശ്യത്തിന് ശേഖരിച്ചുവെച്ചിരുന്നുവെന്നും മെഴുകുതിരി വെളിച്ചത്തേക്കാള്‍ സൂര്യപ്രകാശത്തേയാണ് കൂടുതൽ അവര്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും ശ്രീധര്‍ പറഞ്ഞു. ടൗണിൽ സാധനം വാങ്ങാൻ പോകുമ്പോഴാണ് യുവതി മൊബൈൽ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് തിരിച്ചയക്കുന്നതിൽ അതീവ വിഷമുണ്ടെന്നാണ് യുവതി പറഞ്ഞതെന്നും ഗോഖര്‍ണ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്ആര്‍ ശ്രീധര്‍ പറഞ്ഞു.

ഗുഹയിൽ നിന്ന് തിരിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ ആദ്യമായി ഇലക്ട്രിക് വെളിച്ചവും കട്ടിലും കിടക്കയുമൊക്കെ കണ്ടതിന്‍റെ ആശ്ചര്യത്തിലാണെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ വളര്‍ന്നതും ജീവിച്ചതുമെല്ലാം ഭൂരിഭാഗവും വനത്തിൽ തന്നെയായതിനാൽ അവര്‍ക്ക് നാട്ടിലെ കാഴ്ടകളെല്ലാം അത്ഭുതമായിരുന്നുവെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു.ഗുഹയ്ക്കുള്ളിൽ വിഗ്രഹവും റഷ്യൻ പുസ്തകങ്ങളും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. യോഗയും ധ്യാനവും ചിത്രംവരയും പാട്ടും ആത്മീയ പഠനവുമൊക്കെയായാണ് ഗുഹയിൽ സമയം ചെലവഴിച്ചിരുന്നത്. കുട്ടികള്‍ക്കും യോഗയും മറ്റും യുവതി പഠിപ്പിച്ചിരുന്നു. നൂഡിൽസ് അടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് ഗുഹയിൽ സൂക്ഷിച്ചിരുന്നതും കഴിച്ചിരുന്നതും. പ്ലാസ്റ്റിക് ഷീറ്റുകളിലാണ് ഉറങ്ങിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ