പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ

By Web TeamFirst Published Sep 17, 2019, 8:53 PM IST
Highlights

മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും പിന്നിലാകും പാകിസ്ഥാന്‍റെ സ്ഥാനമെന്നും പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

ദില്ലി: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ. ഒരിക്കൽ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകുമെന്നും ജയ്‍ശങ്കർ ദില്ലിയിൽ പറഞ്ഞു. ഐക്യരാഷ്ട്ര പൊതു സഭയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അഭിസംബോധന ചെയ്യാനിരിക്കെയാണ് പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചത്. 

ഐക്യരാഷ്ട്ര സഭ പൊതുസഭയ്ക്കിടെ മോദി ഇമ്രാൻ കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും ജയ്‍ശങ്കർ വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും പിന്നിലാകും പാകിസ്ഥാന്‍റെ സ്ഥാനമെന്നും പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു. മോദി സർക്കാരിന്‍റെ കീഴിൽ രാജ്യം ആഗോളതലത്തിൽ കൂടുതൽ ശക്തരായിയെന്നും ആഗോളതലത്തിലെ അജണ്ടകൾ തീരുമാനിക്കുന്നതിൽ ഇന്ത്യയുടെ ശബ്ദം മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മോദി സർക്കാരിന്‍റെ നൂറാം ദിവസത്തിന്‍റെ ഭാഗമായിരുന്നു വാർത്താസമ്മേളനം.   

ഇതിനിടെ, സര്‍ക്കാരിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി രംഗത്തെത്തി. സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിന്‍റെ മാനം കെടുത്തിയെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ സിപിഎം എല്‍എ മുഹമ്മദ് യൂസഫ് തരിഗാമി ആരോപിച്ചു. കശ്മീരിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും തരിഗാമി പറഞ്ഞു. കശ്മീര്‍ പുനസംഘടനാ തീരുമാനത്തിനെതിരെ യൂസഫ് തരിഗാമി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സിപിഎം അറിയിച്ചു. അതിനിടെ സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തില്‍ വനിതാ നേതാക്കളുടെ സംഘം കശ്മീരിലെത്തി. 

click me!