ശബരിമല പുനപരിശോധന ഹര്‍ജിയിൽ തീരുമാനം വൈകും; മത സ്വാതന്ത്ര്യം വിശാല ബെഞ്ചിന്‍റെ പരിഗണനക്ക്

By Web TeamFirst Published Nov 14, 2019, 10:46 AM IST
Highlights

ശബരിമല യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല. മതസ്വാതന്ത്ര്യം സംബന്ധിച്ച ഏഴ് കാര്യങ്ങൾ വിശാല ബെഞ്ചിന്‍റെ പരിഗണനക്ക്. വലിയ മാനങ്ങളുള്ള കേസെന്നും മതങ്ങളെ നിസാരമായി കാണാനാവില്ലെന്നും ചീഫ് ജസ്റ്റിസ് 

ദില്ലി: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളിൽ  ഉടൻ തീരുമാനമില്ലെന്ന് സുപ്രീംകോടതി. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. സമാനമായ കേസുകൾ വേറേയും ഉണ്ട് . അതുകൊണ്ട് മതസ്വാതന്ത്ര്യം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ തീരുമാനം ഏഴംഗ ബെഞ്ചിന് വിടുകയാണെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. അതേസമയം വിശാല ബെഞ്ച് വ്യക്തത വരുത്തുന്നത് വരെ യുവതീപ്രവേശനം അനുവദിച്ചു  കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം. 

യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ ഏഴ് ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതില്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്. 

ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്. മതം എന്നത് വലിയ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്നും വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറയുന്നു.

ശബരിമല കേസ് മാത്രമല്ല. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടും, പാഴ്സി ആരാധാനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ടുമുള്ള ഹര്‍ജികള്‍ നിലവില്‍ സുപ്രീംകോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നുണ്ട്. സമാനമായ കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് മാറ്റി കൊണ്ട് ലിംഗസമത്വം സംബന്ധിച്ച നിര്‍ണായകമായ തീരുമാനമാണ് സുപ്രീംകോടതി ഇനി എടുക്കാന്‍ പോകുന്നത്. 

മണ്ഡലകാലം തുടങ്ങാൻ വെറും രണ്ട് ദിവസം ശേഷിക്കെയാണ് നിർണായക വിധി പുറത്തു വന്നിരിക്കുന്നത്. ഇടതുവലതു മുന്നണികളും ബിജെപിയും ആകാംഷയോടെ കാത്തിരുന്ന വിധി പുറത്തു വന്നതോടെ ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളുടേയും തുടര്‍നിലപാടും ഭാവി പദ്ധതികളും എന്തായിരിക്കും എന്നാണ് ഇനിയറിയേണ്ടത്. രാജ്യവ്യാപകമായി ആരാധാനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിയാണ് വരുന്നത് എന്നതിനാല്‍ എല്ലാ മതവിഭാഗങ്ങളേയും കേസ് ബാധിക്കും. ഇതോടെ ശബരിമല കേസിന്‍റെ രാഷ്ട്രീയമാനം തന്നെ മാറും.

click me!