
ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതി പ്രവേശനം വിഷയം അടക്കം പരിഗണിക്കാൻ 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മതസ്വന്തന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് നിലവിൽ 9 അംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്.
കേരളത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വലിയ വിവാദമായി തുടരുന്നതിനിടെയാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ദേശീയതലത്തിൽ വീണ്ടും ചർച്ചയാകുന്നത്. 2018 സെപ്തംബറിലെ ശബരിമല യുവതി പ്രവേശന വിധിക്കു ശേഷം സുപ്രീംകോടതിയിൽ ഒരു വർഷത്തോളം നിയമ പോരാട്ടം നീണ്ടു. വിധി നടപ്പാക്കുന്നതിനെതിരെ പുനപരിശോധന ഹർജികൾ എത്തി.
എന്നാൽ പുനഃപരിശോധന ഹർജിയിൽ തീരുമാനം എടുക്കാതെ ഭരണഘടനപരമായ വിഷയങ്ങൾ വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് സുപ്രീംകോടതി വിട്ടു. ഒടുവിൽ 2020ലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അദ്ധ്യക്ഷനായ 9 ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കിയത്. എന്നാൽ വിശാല ബെഞ്ചിലെ അംഗങ്ങളെ തീരുമാനിച്ചത് അല്ലാതെ പിന്നീട് കേസ് മുന്നോട്ട് പോയില്ല. അഞ്ചംഗ, ഏഴംഗ ബെഞ്ചുകൾ രൂപീകരിച്ച് ചീഫ് ജസ്റ്റിയായിരുന്ന ഡിവൈ ചന്ദ്രചൂഡ് പല വിഷയങ്ങളിൽ വാദം കേട്ട് തീർപ്പ് നൽകിയെങ്കിലും ശബരിമലയിൽ കൈവച്ചില്ല.
ശബരിമല യുവതീപ്രവേശനത്തിന് പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയിൽ ഉയരുന്ന വിഷയങ്ങൾ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും. വിഷയത്തിൽ വാദം തുടങ്ങാനുള്ള സാധ്യതകളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തേടുന്നത്. മറ്റു ജഡ്ജിമാരെ നിയമിച്ച് ബെഞ്ച് രൂപീകരിച്ച് വേനലവധിക്ക് മുൻപ് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോടതി നടപടികൾ സജീവ ചർച്ചയാകും. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് വാദം കേട്ട് തീർപ്പ് കല്പിക്കാനുള്ള സമയം ഉണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam