നായ പരാമർശം; ആർത്തവമുള്ള സ്ത്രീകൾ ഒരുക്കിയ സദ്യ കഴിക്കാനെത്തിയത് സിസോദിയ അടക്കമുള്ള പ്രമുഖർ

Web Desk   | Asianet News
Published : Feb 24, 2020, 03:38 PM ISTUpdated : Feb 24, 2020, 04:13 PM IST
നായ പരാമർശം; ആർത്തവമുള്ള സ്ത്രീകൾ ഒരുക്കിയ സദ്യ കഴിക്കാനെത്തിയത് സിസോദിയ അടക്കമുള്ള പ്രമുഖർ

Synopsis

ആര്‍ത്തവമുള്ള 28 സ്ത്രീകളാണ്  ഭക്ഷണം പാകം ചെയ്തത്. ഞങ്ങൾ ആര്‍ത്തവമുള്ള സ്ത്രീകൾ എന്ന ഏപ്രൺ ധരിച്ചാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. 'പീരിയഡ് ഫീസ്റ്റ്' (ആർത്തവ സദ്യ) എന്നാണ് സംഘടന ഈ പരിപാടിക്ക് പേര് നൽകിയത്. ​

ദില്ലി: സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആർത്തവമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്ത് സന്നദ്ധ സംഘടനയായ സച്ചി സഹേലി. ദില്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഗുജറാത്തിലെ കോളേജ് ഹോസ്റ്റലില്‍ ആര്‍ത്തവമുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയിരുന്നു. ഈ സംഭവത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു ഈ പരിപാടി. 

സംഭവം നടന്ന കോളേജ് ഹോസ്റ്റലിൽ ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ അടുക്കളയിലും കോളേജിനകത്തെ ക്ഷേത്ര പരിസരത്തും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. പെൺകുട്ടികളുടെ അടിവസ്ത്രം വരെ അഴിച്ചാണ് പരിശോധന നടത്തിയത്. ഈ സംഭവത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് സച്ചി സഹേലിയുടെ നേതൃത്വത്തിൽ ആർത്തവമുള്ള സ്ത്രീകളെ ഉൾപ്പെടുത്തി ഭക്ഷണം പാകം ചെയ്തത്. ഇത്തരത്തിലുള്ള മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ സമീപനങ്ങളോടുള്ള പ്രതിഷേധമായാണ് ആര്‍ത്തവ സദ്യ സംഘടിപ്പിച്ചതെന്ന് സച്ചി സഹേലിയുടെ പ്രവർത്തകർ വ്യക്തമാക്കുന്നു. ആര്‍ത്തവമുള്ള 28 സ്ത്രീകളാണ്  ഭക്ഷണം പാകം ചെയ്തത്. ഞങ്ങൾ ആര്‍ത്തവമുള്ള സ്ത്രീകൾ എന്ന ഏപ്രൺ ധരിച്ചാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. പീരിയഡ് ഫീസ്റ്റ് (ആർത്തവ സദ്യ) എന്നാണ് സംഘടന ഈ പരിപാടിക്ക് പേര് നൽകിയത്. ​

കോളേജ് ഹോസ്റ്റലിലെ സംഭവത്തെ ന്യായീകരിച്ച് ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് രം​ഗത്ത് വന്നിരുന്നു. ആർത്തവമുള്ള സ്ത്രീകൾ ഭക്ഷണം പാകം ചെയ്താൽ അടുത്ത ജന്മത്തിൽ നായയായി ജനിക്കുമെന്നാണ് സ്വാമി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധന നടന്ന ഗുജറാത്തിലെ വിവാദ ഹോസ്റ്റല്‍ ഈ പുരോഹിതന്‍ പ്രവര്‍ത്തിക്കുന്ന സ്വാമി നാരായണ്‍ ക്ഷേത്ര ട്രസ്റ്റിന്റേതാണ്.

ഈ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എസ്.ജി.ഐ കോളേജിലെ വനിതാ ഹോസ്റ്റലിൽ ആർത്തവസമയത്ത് മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥിനികൾക്ക് അനുവാദമുണ്ടായിരുന്നില്ല ചിലര്‍ ഈ നിബന്ധന ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു 60 വിദ്യാര്‍ഥിനികളെ ഹോസ്റ്റലിലെ വനിതാ ജീവനക്കാർ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ അടക്കം നിരവധി പേര്‍  പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. "ഈ ആധുനിക യുഗത്തില്‍ ആര്‍ത്തവത്തില്‍ ശുദ്ധി, അശുദ്ധി എന്നൊന്നില്ല. സാധാരണമായ ജൈവിക പ്രക്രിയ മാത്രമായി അതിനെ കണ്ടാല്‍ മതി", സിസോദിയ പറഞ്ഞു.
ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടെന്നതിന്റെ പേരില്‍ അവളെ അപമാനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും നായയാകുമെന്ന ഭയമില്ലാത്ത അനേകം പേര്‍ എത്തിയെന്നും സച്ചി സഹേലി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്