
അഹമ്മദാബാദ്: മുപ്പത്തിയാറ് മണിക്കൂറുകൾ നീളുന്ന സന്ദര്‍ശനത്തിനായി അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ആവേശ്വോജ്ജ്വലമായ സ്വീകരണമായിരുന്നു ട്രംപിന് കേന്ദ്ര സർക്കാർ ഒരുക്കിയിരുന്നത്. അമേരിക്കൻ പ്രസിഡന്റിനെ ജന്മനാട്ടിലേക്ക് ആനയിക്കുമ്പോഴും അമേരിക്കയോട് മോദി വീട്ടുന്ന ഒരു മധുര പ്രതികാരമുണ്ട്.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഒടുവില്‍ ഗുജറാത്തില്‍ തന്നെ എത്തിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. നീണ്ട ഒൻപത് വർഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെയാണ് പിൻവലിക്കാൻ അമേരിക്ക തയ്യാറായത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരെ പോലെ നരേന്ദ്ര മോദിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം ഡോണള്‍ഡ് ട്രംപും തയ്യാറായിരുന്നില്ല. എന്നാല്‍, അമേരിക്കയുമായുള്ള സൗഹൃദത്തിന് എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് നരേന്ദ്ര മോദിയായിരുന്നു. ഒടുവില്‍ ട്രംപും മോദിയും ചങ്ങാത്തത്തിലായി.
2017ന് ശേഷം ഏഴ് വട്ടമാണ് നരേന്ദ്ര മോദിയും ട്രംപും പരസ്പരം കണ്ടത്. അവസാനത്തെ മൂന്ന് പ്രാവശ്യത്തെ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി സ്വീകരണം ഇക്കാര്യത്തിൽ നിർണായകമാണ്. അമേരിക്കൻ പ്രസിഡന്റുമായി മോദി ഉണ്ടാക്കുന്ന ഈ വ്യക്തി ബന്ധം ഇന്ത്യ- അമേരിക്ക സഹകരണത്തിൽ പ്രധാനപ്പെട്ട ഘടകമായി മാറുകയാണ്.
വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രോട്ടോക്കോൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam