അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജി; നാളെ പരിഗണിക്കും

By Web TeamFirst Published Jul 16, 2020, 11:14 PM IST
Highlights

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആദ്യം കേസ് പരിഗണിച്ച കോടതി ഹര്‍ജിയിൽ ചില മാറ്റങ്ങൾ നിര്‍ദ്ദേശിച്ച് കേസ് നാളത്തേക്ക് മാറ്റിയിരുന്നു. ഭേദഗതി വരുത്തിയ ഹര്‍ജി സച്ചിൻ പൈലറ്റ് നാലുമണിയോടെ സമര്‍പ്പിച്ചതിനാൽ രാത്രി 7.40ന് കേസ് വീണ്ടും പരിഗണിച്ച് ഹര്‍ജി ഫയലിൽ സ്വീകരിച്ചു

ജയ്പുര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആദ്യം കേസ് പരിഗണിച്ച കോടതി ഹര്‍ജിയിൽ ചില മാറ്റങ്ങൾ നിര്‍ദ്ദേശിച്ച് കേസ് നാളത്തേക്ക് മാറ്റിയിരുന്നു.

ഭേദഗതി വരുത്തിയ ഹര്‍ജി സച്ചിൻ പൈലറ്റ് നാലുമണിയോടെ സമര്‍പ്പിച്ചതിനാൽ രാത്രി 7.40ന് കേസ് വീണ്ടും പരിഗണിച്ച് ഹര്‍ജി ഫയലിൽ സ്വീകരിച്ചു. പിന്നീട് ഹര്‍ജിയിൽ വാദം കേൾക്കൽ നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.

ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിൻ പൈലറ്റ് നൽകുന്ന സൂചന. അഹമ്മദ് പട്ടേൽ ഇന്നലെയും ഇന്നും സച്ചിനുമായി സംസാരിച്ചു. എന്നാൽ പഴയ നിലപാടിൽ സച്ചിൻ ഉറച്ചു നില്ക്കുകയാണ്. പാർട്ടിയിൽ തുടരുകയാണെന്നും സച്ചിൻ പറയുന്നു. അതേസമയം, ബിജെപിയുമായി സച്ചിൻ ഏഴു മാസമായി ചർച്ച നടത്തുകയായിരുന്നു എന്ന് അശോക് ഗെലോട്ട് തുറന്നടിച്ചു.

സച്ചിൻ പൈലറ്റുമായി സമവായത്തിനു ശ്രമം വേണ്ടെന്നാണ് ഗെലോട്ടിൻറെ നിലപാട്. ഗെലോട്ടിനൊപ്പം ഇപ്പോൾ 90 കോൺഗ്രസ് എംഎൽഎമാരാണ് ഉള്ളത്. 13 സ്വതന്ത്രർ ഗെലോട്ടിനെ പിന്താങ്ങുന്നു. ഈ സ്വതന്ത്രർ കാലുമാറുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. ബിജെപിയിലെ ചില എംഎൽഎമാരെയും കോൺഗ്രസ് ബന്ധപ്പെടുന്നുണ്ട്. സച്ചിനൊപ്പമുള്ള മൂന്നു പേർ മടങ്ങുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. തൽക്കാലം ഗെലോട്ട് വിജയിച്ചെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചന.

click me!