അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഈ മാസം അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി

By Web TeamFirst Published Jul 16, 2020, 9:14 PM IST
Highlights


ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാനസർവ്വീസ് നടത്താൻ പലരാജ്യങ്ങളിലും ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്. 

ദില്ലി: കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം നിർത്തിച്ച അന്താരാഷ്ട്ര വിമാനസർവ്വീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെഅമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഇന്ത്യയിൽ നിന്നും വിമാനസർവ്വീസുകൾ ആരംഭിക്കുന്നു. ജർമ്മനിയുമായും വിമാനസർവ്വീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയിലായിട്ടുണ്ടെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാനസർവ്വീസ് നടത്താൻ പലരാജ്യങ്ങളിലും ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്. എങ്കിലും നയതന്ത്ര ചർച്ചകളുടെ ഫലമായി ചില രാജ്യങ്ങളിലേക്കുള്ള വ്യോമയാന സർവ്വീസുകൾ പുനരാംരംഭിക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്. കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഈ രാജ്യങ്ങളിലേക്ക് വ്യോമയാനസർവ്വീസ് ആരംഭിക്കുക - ഹർദീപ് സിംഗ് പുരി പറഞ്ഞു. 

നിലവിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ജൂലൈ 18 മുതൽ ആഗസ്റ്റ്  1 വരെ എയർ ഫ്രാൻസ് ദില്ലി,മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്ക് 28 വിമാനസർവ്വീസുകൾ നടത്തും. ജൂലൈ 17 മുതൽ 31 വരെ ഇന്ത്യയിലേക്ക് വിമാനസർവ്വീസ് നടത്താൻ അമേരിക്കയും അനുമതി നൽകിയിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി അറിയിച്ചു. സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ജർമ്മനിയുമായി ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!