
ദില്ലി: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചതിൽ പാർട്ടി ഹൈക്കമാന്റിന് അതൃപ്തി. സച്ചിൻ പൈലറ്റ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത് തെറ്റായ സമയമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങളുടെ സമയത്തെ പ്രതിഷേധം ഉണ്ടാക്കുന്ന ആഭ്യന്തര പ്രശ്നം തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ ശ്രമവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്‌ജീന്ദർ സിംഗ് രൺധാവയോട് വിഷയത്തിൽ ഇടപെടാൻ എഐസിസി നിർദേശിച്ചു. രൺധാവ ഇന്നോ നാളെയോ രാജസ്ഥാനിലേക്ക് പോകും. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്ന വിഷയം തന്നോട് സച്ചിൻ പൈലറ്റ് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് രൺധാവ വ്യക്തമാക്കി.
നാളെയാണ് മുൻ ബിജെപി സർക്കാരിന്റെ അഴിമതികൾ അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ച് സച്ചിൻ പൈലറ്റ് സംസ്ഥാനത്ത് നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവർ രംഗത്ത് എത്തി. അശോക് ഗെഹ്ലോട്ട് വളരെ അടുക്കും ചിട്ടയുമുള്ള നേതാവാണ്. മുൻപും തടസ്സങ്ങൾ വന്നിട്ടുണ്ട്, അദ്ദേഹം ഇത് പരിഹരിക്കുമെന്ന് ഭൂപേഷ് ബാഗൽ പ്രതികരിച്ചു. കൂട്ടായ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുമെന്നണ് ജയറാം രമേശിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam