'സോണിയയെ തന്‍റെ തീരുമാനം അറിയിച്ചു', രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റിന്‍റേതെന്ന് സച്ചിന്‍ പൈലറ്റ്

By Web TeamFirst Published Sep 29, 2022, 9:45 PM IST
Highlights

രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റിന്‍റേതാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടുമെന്നും സച്ചിന്‍ പൈലറ്റ്

ദില്ലി: സോണിയ ഗാന്ധിയെ തന്‍റെ അഭിപ്രായം അറിയിച്ചെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റിന്‍റേതാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. കൂട്ടായി അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.  ദില്ലിയിലെ സോണിയയുടെ വസതിയിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തിയത്.

മത്സരിക്കാൻ നേരത്തെ  സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം. 

സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല.  ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാ ഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. 

ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്നിക്കിനോടും ഗാന്ധി കുടുംബം നി‍‍ർദേശിച്ചു. മുകുള്‍ വാസ്നിക്ക് നാളെ പത്രിക സമർപ്പിക്കും. ജി 23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്നിക്ക് അടുത്തിരുന്നു. അതേസമയം ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക വാങ്ങി. നാളെ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണെന്നിരിക്കെ നിലവില്‍ ശശി തരൂരും ദിഗ് വിജയ് സിങും ഇപ്പോള്‍ മുകുള്‍ വാസ്‍നിക്കും ആണ് മത്സര രംഗത്തുള്ളത്. ഇതിനിടെ  ദിഗ്‍വിജയ് സിങുമായി കൂടിക്കാഴ്ച നടത്തിയ തരൂര്‍ നടക്കുന്നത് ശത്രുക്കള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണെന്നും തരൂര്‍ പറഞ്ഞു.

click me!