
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്നു സൂചന. എ കെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിലവിൽ ശശി തരൂരും ദിഗ് വിജയ് സിംഗുമാണ് മത്സരരംഗത്തുള്ളത്. ശശി തരൂരും ജി 23 നേതാക്കളിലൊരാളാണ്.
അശോക് ഗെലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പാർട്ടി നടത്തിയ അനൗദ്യോഗിക ചർച്ചകളിലാണ് മുകുൾ വാസ്നികിന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ മുകുൾ വാസ്നികിനെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നാണ് പാർട്ടിയിൽ നിന്നുതന്നെ പുറത്തുവരുന്ന സൂചന. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.
പ്രധാനപ്പെട്ട ജി 23 നേതാക്കളിലൊരാളായ മുകുൾ വാസ്നിക് എല്ലായ്പ്പോഴും വിവാദങ്ങളിൽ നിന്ന് അകന്നുനിന്ന നേതാവാണ്. 2019ൽ രാഹുൽ ഗാന്ധി രാജിവച്ചപ്പോൾ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്ന് മുകുൾ വാസ്നികിന്റേത് ആയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവാണ് വാസ്നിക്. നരസിംഹറാവു, മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായിരുന്നു മുകുൾ വാസ്നിക്.
Read Also: സോണിയയോട് മാപ്പ് പറഞ്ഞ് ഗലോട്ട്; രാജസ്ഥാനിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കെ.സി
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കിയെങ്കിലും അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് ഗെലോട്ട് ക്ഷമ ചോദിച്ചെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും കാരണമായ ആ മുഖ്യമന്ത്രിപദത്തിൽ ഇനിയും അദ്ദേഹത്തിന് തുടരാനാവുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ്. തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗെലോട്ട് പാർട്ടി അധ്യക്ഷനായാൽ പകരം മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിൽ കുടുങ്ങി വലിയ വിമതനീക്കമാണ് രാജസ്ഥാനിലെ 90 എംഎൽഎമാരിൽ നിന്നുണ്ടായ്ത. ഗെലോട്ട് പക്ഷക്കാരായ ഇവരിൽ, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാതിരിക്കാനുള്ള നീക്കത്തിന് പിന്നിൽ ഗെലോട്ടിന്റെ പങ്ക് പാർട്ടി പൂർണമായി തള്ളിയിട്ടില്ലെന്നാണ് ആഭ്യന്തരവൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാരണത്തിലുള്ള അതൃപ്തി പാർട്ടിക്ക് ഉണ്ടെന്നാണ് വിവരം. നിയമസഭാ നേതാവും മുഖ്യമന്ത്രിയുമെന്ന നിലയിൽ അശോക് ഗെലോട്ടിന് കാര്യങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നാണ് വിലയിരുത്തൽ.
Read Also: ജോഡോ യാത്ര എത്തും മുമ്പേ രാഹുലിന്റെ പോസ്റ്ററുകൾ കീറി; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam