'ജിതിന്‍ പ്രസാദ' സമ്മർദ്ദതന്ത്രവുമായി സച്ചിൻ ദില്ലിയിൽ; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച? ബിജെപി ആരോപണം തള്ളി

By Web TeamFirst Published Jun 12, 2021, 7:07 PM IST
Highlights

ജനറല്‍ സെക്രട്ടറിയായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ പാര്‍ട്ടിക്ക് മേല്‍ സമ്മർദ്ദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്‍ ദില്ലിയിലെത്തിയത്

ദില്ലി: രാജ്യസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെ സച്ചിന്‍ പൈലറ്റ് ദില്ലിയില്‍. രണ്ട് ദിവസം ദില്ലിയില്‍ തുടരുന്ന സച്ചിന്‍ പൈലറ്റ് ഹൈക്കമാ‍ന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ പാര്‍ട്ടിക്ക് മേല്‍ സമ്മർദ്ദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്‍ ദില്ലിയിലെത്തിയത്.

പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിച്ച ജാഗ്രത തന്‍റെ കാര്യത്തിലുണ്ടായില്ലെന്ന വികാരം സച്ചിൻ ഇതിനകം പങ്കുവച്ചിട്ടുണ്ട്. സച്ചിനുമായി സംസാരിച്ചുവെന്ന് കോണ്‍ഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ റീത്ത ബഹുഗുണ ജോഷി പറഞ്ഞതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയത് എന്നതും ശ്രദ്ധേയമാണ്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കഗാന്ധി നേരിട്ട് തന്നെ ഇടപെടുന്നുണ്ടെന്നാണ് വിവരം.

നേരത്തെ ഉണ്ടായിരുന്ന അത്ര പ്രതിസന്ധി രാജസ്ഥാനില്‍ ഇപ്പോള്‍ ഇല്ലെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  നിലവില്‍ മന്ത്രിസഭയില്‍ 9 ഒഴിവുകള്‍ ഉണ്ട്. തന്നോടൊപ്പമുള്ള ഏഴ് എംഎല്‍എമാർക്ക് മന്ത്രിസഭയില്‍ ഇടംവേണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. എന്നാല്‍ സ്വതന്ത്ര എംഎല്‍എമാരെ അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അശോക് ഖെലോട്ട് ആവശ്യം നിരാകരിക്കുകയാണ്. സംസ്ഥാനത്ത് പ്രശ്നങ്ങള്‍ ഇല്ലെന്നും മന്ത്രിസഭയില്‍ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നും രാജസ്ഥാന്‍ പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതാസാര പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുുടെ ആരോപണം. അതിനിടെ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് താന്‍ ചര്‍ച്ച നടത്തിയെന്ന റീത്ത ബഹുഗുണ ജോഷിയുടെ ആരോപണം സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞത് കോൺഗ്രസിന് ആശ്വാസമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!