Sadhguru : മണ്ണ് സംരക്ഷിക്കുക; റിപ്പബ്ലിക് ദിന സന്ദേശവുമായി സദ്​ഗുരു ജ​​ഗ്​ഗി വാസുദേവ്

By Web TeamFirst Published Jan 26, 2022, 3:54 PM IST
Highlights

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് സദ്​ഗുരു ഇപ്രകാരം പറഞ്ഞത്.  

ദില്ലി: മണ്ണ് സംരക്ഷിക്കാനുള്ള ആ​ഗോള പ്രവർത്തനത്തിൽ ഓരോ പൗരനും നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ട് സദ്​ഗുരു ജ​ഗ്​ഗി വാസുദേവ്.  ഇന്ത്യൻ യുവത്വത്തിന്റെ ഊർജ്ജം പ്രവർത്തനക്ഷമമായി മാറേണ്ട സമയമാണിതെന്നും യോഗ ഗുരുവും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ (Sadhguru) സദ്ഗുരു പറഞ്ഞു.  (Republic Day)എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് സദ്​ഗുരു ഇപ്രകാരം പറഞ്ഞത്.  

"മണ്ണിനെ ഒരു ജീവനുള്ള വസ്തുവായി സമീപിക്കുക, ഭാവി തലമുറകൾക്ക് ഒരു പൈതൃകമായി നിലനിർത്തുക എന്നത് ഒരു തലമുറ എന്ന നിലയിൽ നമുക്കുള്ള ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്," സദ്ഗുരു പറഞ്ഞു. "നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ ഈ റിപ്പബ്ലിക് ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിനമാണ്."

ഭക്ഷ്യ-ജല സുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ തീവ്രമാക്കുകയും ചെയ്യുന്ന മണ്ണിന്റെ  അപചയത്തെക്കുറിച്ച് ആഗോള അവബോധം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള 'സേവ് സോയിൽ' കാമ്പയിൻ മാർച്ചിൽ സദ്ഗുരു ആരംഭിക്കും. "മണ്ണ് രാസവസ്തുക്കളുടെ ഒരു കൂട്ടമല്ല, അതൊരു ജീവനുളള വസ്തുവാണ്," ആരോഗ്യകരമായ മണ്ണിന്റെ വൈവിധ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സദ്ഗുരു പറഞ്ഞു.

“ മണ്ണിന്റെ ആദ്യത്തെ 12 മുതൽ 15 ഇഞ്ച് വരെയാണ് യഥാർത്ഥത്തിൽ നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. മനുഷ്യർ അവരുടെ അസ്തിത്വത്തിന്റെ അടിസ്ഥാനവുമായി ബോധപൂർവ്വം ബന്ധപ്പെട്ടില്ലെങ്കിൽ, ജീവന്റെ സ്വഭാവത്തെക്കുറിച്ചും സൃഷ്ടിയുടെ ഉറവിടത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കാൻ നമുക്ക് കഴിയില്ല. നിങ്ങളോരോരുത്തരും ഈ പ്രസ്ഥാനത്തിൽ പങ്കുചേരണമെന്നും ഇത് നിങ്ങളുടെ പ്രസ്ഥാനമായി എടുക്കണമെന്നും ആവശ്യമായ അവബോധം കൊണ്ടുവരണമെന്നും ലോകമെമ്പാടും അവബോധം പ്രചരിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

സേവ് സോയിൽ പ്രസ്ഥാനം ഏകദേശം 192 രാജ്യങ്ങളിലെ മണ്ണിന്റെ നശീകരണം തടയുന്നതിനുള്ള സംരംഭങ്ങളെ സ്വാധീനിക്കും. ദശലക്ഷക്കണക്കിന് കൃഷിയോഗ്യമായ ഭൂമി വിളവെടുക്കാൻ കഴിയാത്തതിനാൽ, 50 വർഷത്തിനുള്ളിൽ മണ്ണിന്റെ ശോഷണം ലോകത്തെ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടന (എഫ്എഒ) മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ തീവ്രമാകുന്നതിനും മണ്ണിന്റെ ശോഷണം കാരണമാകുന്നുണ്ട്. 
 

click me!