കൊവിഡ് ബാധിച്ച മലയാളി നഴ്സിന് ശമ്പളം നിഷേധിച്ചു; ഇടപെട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

By Web TeamFirst Published Jan 3, 2021, 9:35 AM IST
Highlights

ആരോഗ്യപ്രവർത്തകരുടെ കുറവ് മൂലം മുംബൈ നഗരം വലഞ്ഞപ്പോൾ സഹായവുമായി കേരളത്തിൽ നിന്നെത്തിയ സംഘത്തിലെ അംഗമായിരുന്നു ആലപ്പുഴ സ്വദേശി രോഹിത്ത്. ദൗത്യം പൂർത്തിയാക്കി സംഘം മടങ്ങിയപ്പോഴും മുംബൈ കോർപ്പറേഷന്‍റെ അഭ്യർഥന മാനിച്ച് ബാന്ദ്രാ കുർലാ കോപ്ലക്സിലെ മെഗാ കൊവി‍ഡ് സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നു.

മുംബൈ: കൊവിഡ് ബാധിച്ചതിന് പിന്നാലെ മുംബൈയിൽ മലയാളി നഴ്സിന് ശമ്പളം നിഷേധിച്ച സംഭവത്തിൽ ഇടപെടാമെന്നും ശമ്പളം വാങ്ങി നൽകുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്. എന്നാൽ മാനനഷ്ടമുണ്ടാക്കിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ആശുപത്രി മാനേജ്മെന്‍റ് നടത്തുന്നതെന്ന് ശമ്പളം നിഷേധിക്കപ്പെട്ട രോഹിത്ത് പറഞ്ഞു. 

ആരോഗ്യപ്രവർത്തകരുടെ കുറവ് മൂലം മുംബൈ നഗരം വലഞ്ഞപ്പോൾ സഹായവുമായി കേരളത്തിൽ നിന്നെത്തിയ സംഘത്തിലെ അംഗമായിരുന്നു ആലപ്പുഴ സ്വദേശി രോഹിത്ത്. ദൗത്യം പൂർത്തിയാക്കി സംഘം മടങ്ങിയപ്പോഴും മുംബൈ കോർപ്പറേഷന്‍റെ അഭ്യർഥന മാനിച്ച് ബാന്ദ്രാ കുർലാ കോപ്ലക്സിലെ മെഗാ കൊവി‍ഡ് സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നു.

പക്ഷെ കഴിഞ്ഞ മാസം രോഗം രോഹിത്തിനെയും പിടികൂടിയപ്പോഴാണ് ഇത്രകാലം സേവിച്ചവർ മനുഷ്യത്വം മറന്നത്. രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞ ഡിസംബർ മാസത്തെ ശമ്പളമാണ് നിഷേധിക്കപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പിന്തുണയുമായി വിവിധ  നഴ്സിംഗ് സംഘടനകൾ രംഗത്തെത്തി. കേരളാ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. എ എം ആരിഫ് എംപി മഹാരാഷ്ട്രാ മുഖ്യമന്ത്രിക്ക് കത്തെഴുതി. എന്നിട്ടും പ്രശ്നപരിഹാരം കാണാത്തതിനാലാണ് ഏഷ്യാനെറ്റ് സംഘം ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പ്രശ്നം ധരിപ്പിച്ചത്.

ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നു. ''ഇത് തെറ്റായ തീരുമാനമാണ്. ഇത് അനുവദിക്കില്ല. മന്ത്രിയെന്ന നിലയിൽ ഞാൻ ഇടപെടും. ശമ്പളം ഉറപ്പാക്കും. ഇങ്ങനെയൊരു സംഭവം ആവർത്തിക്കില്ലെന്ന് മലയാളികൾക്ക് ഞാൻ ഉറപ്പ് നൽകുന്നു'', എന്ന് തോപ്പെ. 

വിദേശത്ത് വൻ ശമ്പളത്തിൽ കിട്ടിയ ജോലി പോലും വേണ്ടെന്ന് വച്ച് മുംബൈയിൽ നിൽക്കുകയായിരുന്നു രോഹിത്ത്. അപ്പോഴും മുംബൈ കോർപ്പറേഷന് കീഴിൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനി കടുംപിടുത്തം തുടരുകയാണ്. മാനനഷ്ടമുണ്ടാക്കിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണി തന്നെയാണ് ഇപ്പോഴും രോഹിത്തിന് നേരിടേണ്ടി വരുന്നത്. കേരളസർക്കാരിന് തുടർച്ചയായി പരാതി നൽകിയിട്ടും ഇടപെടുന്നില്ലെന്നും രോഹിത്ത് പറയുന്നു.

click me!