'ശമ്പളമല്ല എന്റെ വരുമാനം, കൈകക്കൂലി!' ദില്ലിയിൽ അറസ്റ്റിലായ ബിജെപി കൗൺസിലറുടെ ഓഡിയോ പുറത്ത്

By Web TeamFirst Published Dec 7, 2020, 10:33 AM IST
Highlights

മോനോജ് മെഹ്ലാവാത്ത് തന്നെ തുടർച്ചയായി ഫോണിൽ വിളിച്ചുവെന്നും കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒരു കെട്ടിട നിർമ്മാതാവാണ് സിബിഐയ്ക്ക് പരാതി നൽകിയത്.

ദില്ലി: ബിജെപി നേതാവും സൗത്ത് ദില്ലി കൗൺസിലറുമായ മനോജ് മെഹ്ലാവാത്ത് കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത്. അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മനോജ് മെഹ്ലാവത്ത്, ശമ്പളമല്ല തന്റെ വരുമാന സ്രോതസ്സ് എന്ന് വ്യക്തമാക്കുന്ന ഓഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ശമ്പളമല്ല എന്റെ വരുമാനം, അത് ഇത് ഇങ്ങനെ ഒക്കെയാണ് - എന്ന് വ്യക്തമാക്കുന്ന ഓഡിയോ ലഭിച്ചതായി സിബിഐ അറിയിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

മോനോജ് മെഹ്ലാവാത്ത് തന്നെ തുടർച്ചയായി ഫോണിൽ വിളിച്ചുവെന്നും കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒരു കെട്ടിട നിർമ്മാതാവാണ് സിബിഐയ്ക്ക് പരാതി നൽകിയത്. വസന്ത് കുഞ്ച് മേഖലയിൽ വീട് നിർമ്മിക്കാൻ അനുമതിക്കായി 10 ലക്ഷം രൂപയാണ് കൗൺസിലർ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. 

നിലവിൽ പണി ആരംഭിച്ച കെട്ടിടം തകർക്കുമെന്ന് മാത്രമല്ല, ഒരു കട്ടകൂടി പടുക്കാൻ അനുവദിക്കില്ലെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ പറഞ്ഞു. പരാതിക്ക് പിന്നാലെ സിബിഐയുടെ നിർദ്ദേശപ്രകാരം പരാതിക്കാരൻ കൗൺസിലറുടെ ഫോൺകോൾ റെക്കോർഡ് ചെയ്യുകയായിരുന്നു. 

നിർമ്മാണ പ്രവർത്തനം അനുവദിക്കാൻ മുഴുവൻ കൈക്കൂലിയും ഒറ്റത്തവണയായി നൽകണമെന്ന് കൗൺസിലർ ആവശ്യപ്പെടുന്നത് റെക്കോർഡ് ചെയ്യപ്പെടുകയും പിന്നാലെ കൗൺസിലറെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി 2017 ലാണ് വസന്ത് കുഞ്ചിൽ നിന്ന് മെഹ്ലാവാത്ത് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. അറസ്റ്റിന് പിന്നാലെ മെഹ്ലാവാത്തിനെ ബിജെപി പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. 

click me!