'ശുചീകരണ തൊഴിലാളിയുടെ ശമ്പളം രണ്ട് ലക്ഷമായി, എൻജിനീയർക്ക് 7 ലക്ഷം'; ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൻബാധ്യതയെന്ന് തെലങ്കാന ചീഫ് സെക്രട്ടറി

Published : Feb 27, 2026, 12:32 PM IST
K. Ramakrishna Rao

Synopsis

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് ചീഫ് സെക്രട്ടറി. വൈദ്യുതി മേഖലയിലെ എഞ്ചിനീയർമാർക്ക് 7 ലക്ഷം രൂപയും മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വരെയും ശമ്പളമുണ്ടെന്നാണ് വാദം.

ഹൈദരാബാദ്: കഴിഞ്ഞ ദശകത്തിൽ തെലങ്കാനയുടെ ശമ്പള, പെൻഷൻ ഭാരം കുത്തനെ വർധിച്ചതായി തെലങ്കാന സംസ്ഥാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു. സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ഏകദേശം 6,000 കോടി രൂപ ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നുവെന്നും 2014 ൽ സംസ്ഥാന രൂപീകരണ സമയത്ത് ചെലവഴിച്ചതിന്റെ നാലിരട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിലെ ഉന്നത സർക്കാർ എഞ്ചിനീയർമാർക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജിഎച്ച്എംസി) മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണങ്ങൾക്ക് ശേഷം പ്രതിമാസം രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലങ്ങളിൽ സമയബന്ധിതമായി നടത്തിയ ശമ്പള പരിഷ്കരണങ്ങളാണ് ഉയർന്ന വേതനം ലഭിക്കാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു. 

തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGGENCO), തെലങ്കാന സ്റ്റേറ്റ് ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGTRANSCO), തെലങ്കാന സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ ചീഫ് എഞ്ചിനീയർമാരുൾപ്പെടെയുള്ളവർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്. ഈ സ്ഥാപനങ്ങളിലെ സീനിയർ തലത്തിൽ നാല് വർഷത്തെ തുടർച്ചയായ പരിഷ്കാരങ്ങൾ പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി. ഹൈദരാബാദ് നഗരം നിയന്ത്രിക്കുന്ന ജിഎച്ച്എംസിയിൽ, സ്ഥിരപ്പെടുത്തിയ ശുചിത്വ തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 70,000 രൂപ വേതനം ലഭിക്കുമ്പോൾ, എൻട്രി ലെവൽ മുനിസിപ്പൽ ജീവനക്കാർക്ക് ഏകദേശം 28,000 രൂപയും, ദീർഘകാല സേവനമുള്ള സീനിയർ ക്ലാസ് -4 തൊഴിലാളികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയും വേതനം ലഭിക്കുന്നു. 

മിക്ക ജീവനക്കാരും ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലായതിനാല്‍ ബാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഭാരിച്ച വേതനചെലവ് കൂടിയിട്ടും സംസ്ഥാനത്തിന്‍റെ മികച്ച വരുമാനം ഇതുവരെ ശമ്പള പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 2023-24-ൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 45% ശമ്പളം, പെൻഷൻ, കടത്തിന്റെ പലിശ എന്നിവ നൽകുന്നതിനാണ് ഉപയോഗിച്ചതെന്ന് കംപ്ൺട്രോളർ & ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കി. 

വെല്ലുവിളികൾക്കിടയിലും, തെലങ്കാനയുടെ സമ്പദ്‌വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. ജി‌എസ്‌ഡി‌പി വളർച്ച 10% ൽ കൂടുതലും പ്രതിശീർഷ വരുമാനവും ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് സി‌എം‌ഒയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2025-26 ലെ തെലങ്കാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2.30 ലക്ഷം കോടി രൂപയായിരുന്നു. ബജറ്റ് വിഹിതമായ ഏകദേശം 3.05 ലക്ഷം കോടി രൂപയിൽ 2.27 ലക്ഷം കോടി രൂപ റവന്യൂ ചെലവ് ആയിരുന്നു. സാമ്പത്തിക പദ്ധതിയിൽ 2738 കോടി രൂപയുടെ മിതമായ മിച്ചം പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ വാദം അടിസ്ഥാന രഹിതമെന്ന് തൊഴിലാളി സംഘടനകള്‍

ചീഫ് സെക്രട്ടറിയുടെ ഈ വാദം തെറ്റാണെന്ന് സെന്റർ ഫോർ ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) സംസ്ഥാന സെക്രട്ടറിയും മുനിസിപ്പൽ തൊഴിലാളികളുടെ മുതിർന്ന നേതാവുമായ പാലഡുഗു ഭാസ്‌കര്‍ പറഞ്ഞു. ഏകദേശം 20,000 ശുചീകരണ തൊഴിലാളികളിൽ 2,500 പേരെ മാത്രമേ സ്ഥിരപ്പെടുത്തുന്നുള്ളൂ. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പരമാവധി 80,000 രൂപ വരെയാകാമെന്നും  അദ്ദേഹം പറഞ്ഞു. 1992 ൽ സർക്കാർ റെഗുലറൈസേഷൻ നിർത്തിവച്ചിരുന്നു. ഇത്രയും ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു തൂപ്പുകാരനും ഇല്ലെന്ന് ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേതാവായ നന്ദ കിഷോറും സ്ഥിരീകരിച്ചു. തൂപ്പുകാർ ഗ്രേഡ് IV ജീവനക്കാരാണ്, ഏകദേശം 28,000 രൂപ ശമ്പളത്തിൽ തുടങ്ങുന്നു. സമീപകാലത്ത് ഞങ്ങൾക്ക് സ്ഥിരവൽക്കരണം നടത്തിയിട്ടില്ല. ഒരു തൂപ്പുകാരന് 40 വർഷത്തെ സേവനമുണ്ടെങ്കിൽ പോലും, പരമാവധി 80,000-90,000 രൂപ വരെ സ്കെയില്‍ എത്തും. ഇത്രയും വലിയ ശമ്പളം വാങ്ങുന്ന ഒരു തൂപ്പുകാരനെയും ഞങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
എഐഎഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ധർമയുദ്ധം' തുടങ്ങിയ ഒപിഎസ്, ഒടുവിൽ ശത്രുപാളയത്തിൽ! ഡിഎംകെയിൽ ചേർന്നു