
മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടർന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു. മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്.
ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) പത്രത്തിൽ പരസ്യം നൽകി. അദ്ദേഹത്തിൻ്റെ (ഉദ്ധവ് താക്കറെ) സഹായിയും മസ്ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്റ്റ് ചെയ്തുവെന്ന് മഹാരാഷ്ട്ര എസ്പി മേധാവി അബു ആസ്മി പറഞ്ഞു. ഞങ്ങൾ എംവിഎ വിടുകയാണ്. അഖിലേഷ് യാദവുമായി സംസാരിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് ആസ്മി പിടിഐയോട് പറഞ്ഞു.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് സേന (യുബിടി) എംഎൽസി മിലിന്ദ് നർവേക്കറുടെ പോസ്റ്റിനെ തുടർന്നാണ് എസ്പിയുടെ നടപടി . ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഉദ്ധരണിക്കൊപ്പമാണ് നർവേക്കർ മസ്ജിദ് തകർത്തതിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാബറി മസ്ജിദ് തകർത്തതിൻ്റെ 32-ാം വാർഷികത്തിൽ, ശിവസേന (യുബിടി) നേതാവ് മിലിന്ദ് നർവേക്കർ പള്ളിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ശിവസേനയുടെ സ്ഥാപക നേതാവ് ബാലാസാഹേബ് താക്കറെയുടെ ഉദ്ധരണിക്കൊപ്പം, 'ഇത് ചെയ്തവരിൽ ഞാൻ അഭിമാനിക്കുന്നു'- എന്നും അദ്ദേഹം കുറിച്ചു. നർവേക്കറുടെ പോസ്റ്റിൽ തന്റെ ചിത്രത്തോടൊപ്പം ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ എംവിഎ സഖ്യത്തിൽ കോൺഗ്രസ് 103 സീറ്റുകളിൽ മത്സരിച്ചെങ്കിലും 16 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 89 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയ ശിവസേന (യുബിടി) 20 സീറ്റുകളും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 87 സീറ്റിൽ മത്സരിക്കുകയും 10 സീറ്റിൽ വിജയിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ അടുത്തയാളാണ് മിലിന്ദ് നർവേക്കർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam