
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷൻ വാഗ്ദാനവുമായി സമാജ് വാദി പാർട്ടി. ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ പെൻഷൻ ഉറപ്പായും നൽകുമെന്ന് മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പ്രക്ഷോഭകാരികളെ ആദരിക്കുമെന്നും ചൗധരി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയരുന്നത്. രാജ്യത്ത് പ്രക്ഷോഭത്തിനിടെ ഏറ്റവും കൂടുതൽ പേർ വെടിയേറ്റ് മരിച്ചതും സംസ്ഥാനത്താണ്. പ്രതിഷേധങ്ങളുടെ മുൻനിരയിൽ തന്നെ സമാജ്‌വാദി പാർട്ടിയുണ്ട്.
അതിനിടെ ഉത്തർപ്രദേശിൽ ഇന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പൊലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam