
ചെന്നൈ : സ്വവർഗാനുരാഗികളായ ബംഗ്ലാദേശി യുവതിയും ഇന്ത്യൻ വംശജയും ഇന്ത്യൻ ആചാര പ്രകാരം തമിഴ്നാട്ടിൽ വച്ച് വിവാഹിതരായി. . കാനഡയിൽ താമസിക്കുന്ന ദമ്പതികൾ ഇന്ത്യയിൽ വച്ച് തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെയാണ് വിവാഹിതരായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിലെ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് സുബിക്ഷ സുബ്രഹ്മണിയും ടീന ദാസും കണ്ടുമുട്ടിയത്. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് 6 വർഷം ഇരുവരും ഒരുമിച്ചായിരുന്നു. ഇന്ത്യൻ വംശജയായ സുബിക്ഷ തന്റെ വിവാഹം ഇന്ത്യൻ ആചാര പ്രകാരം ഇന്ത്യയിൽ വച്ചുതന്നെ നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായതിന്റെ കൂടി സന്തോഷത്തിലാണ് പങ്കാളിക്കൊപ്പം ചേർന്നിരുന്ന് അവൾ പങ്കുവയ്ക്കുന്നത്.
വിവാഹത്തിനായി ഇന്ത്യയിലേക്ക് തിരിച്ച സുബിക്ഷയുടെ അച്ഛനും അമ്മയും, എന്നാൽ ഒരു സ്വവർഗവിവാഹം നടക്കുന്നതിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയത്തിലായിരുന്നു. എന്നാൽ? എല്ലാം ശുഭമായി തന്നെ അവസാനിച്ചു. ആദ്യമായി ഇന്ത്യയിലെത്തിയ ടീന, സുബിക്ഷയുടെ ബന്ധുക്കളെ കണ്ട് ഹൃദയം നിറഞ്ഞ അവസ്ഥയിലും!
വിശ്വാസികളായ ഈ ദമ്പതികൾ അതുകൊണ്ടുതന്നെ മതാചാരപ്രകാരം വേണം വിവാഹമെന്ന ആഗ്രഹത്തിലായിരുന്നു. എൽജിബിടിക്യുപ്ലസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സംസ്‌കൃത പണ്ഡിതനാണ് കല്യാണം നടത്തിയ പുരോഹിതൻ. എല്ലാ ആചാരങ്ങളും ലിംഗഭേദമില്ലാതെ എങ്ങനെയെന്ന് അദ്ദേഹം അവരോട് വിശദീകരിച്ചു.
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞതിൽ പിന്നെ നിരവധി എതിർപ്പുകളും വിവേചനങഅങളും നേരിട്ടാണ് ഇവർ തങ്ങളുടെ ഇഷ്ടം പൊതു ഇടത്തിൽ കൂടി ഊട്ടിയുറപ്പിച്ചത്. ഒരു യാഥാസ്ഥിതിക ബംഗ്ലാദേശി സമൂഹത്തിൽ നിന്ന് വരുന്ന ടീന തന്റെ 19ാം വയസ്സിൽ ഒരു പുരുഷനെ വിവാഹം കഴിച്ചു. അവൾ ഒരു പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് അറിഞ്ഞ മാതാപിതാക്കൾ, വിവാഹിതയായാൽ കാര്യങ്ങൾ മാറുമെന്ന് അവളോട് പറഞ്ഞു. ദാമ്പത്യജീവിതത്തിൽ എന്തോ നഷ്ടമായത് പോലെ തോന്നിയെങ്കിലും തന്റെ സ്വകാര്യ സന്തോഷം ഉപേക്ഷിച്ചാണ് ആ വിവാഹ ജീവിതത്തിൽ അവൾ മുന്നോട്ട് പോയത്. പിന്നെ, ഒരു കുട്ടി ഉണ്ടായാൽ കാര്യങ്ങൾ മാറുമെന്ന ഉപദേശവുമായി വീണ്ടും രക്ഷിതാക്കളെത്തി. എന്നാൽ ഗർഭിണിയാകാൻ ചികിത്സ നടത്തേണ്ടി വന്നു. ഇതോടെ അവൾ തന്റെ സ്വത്വം തിരിച്ചറിയികുകയായിരുന്നു.
അതേസമയം സ്വന്തം ബന്ധത്തിന്റെ ഉദാഹരണത്തിലൂടെ മാത്രമല്ല, ഒരു കൗൺസിലറുടെ സഹായത്തോടെ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ നന്നായി മനസ്സിലാക്കാൻ തന്റെ മാതാപിതാക്കളെ സഹായിക്കുകയായിരുന്നു സുബിക്ഷ ചെയ്തത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവൾ രക്ഷിതാക്കളെ മനസ്സിലാക്കിച്ചു. ആഗസ്റ്റ് 31ന് ചെന്നൈയിൽ വച്ച് വിവാഹിതരായ ഇരുവരും ഇപ്പോൾ ഹണിമൂണിനായി രാജ്യത്തിന് പുറത്താണ് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam