
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി എൻസിപി നേതാവ് ശരദ് പവാർ. കർഷകരും സാധാരണക്കാരും ദുരിതത്തിലാണ്. വിലക്കയറ്റം രൂക്ഷമായിട്ടും കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ശരദ് പവാർ കുറ്റപ്പെടുത്തി. ജാതിയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കുന്നു. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെയും ശരദ് പവാർ രംഗത്തെത്തി.
ബിൽകീസ് ബാനു പ്രതികളെ മോചിപ്പിച്ചതിലൂടെ ഗുജറാത്ത് സർക്കാർ സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണ്. സ്ത്രീ സുരക്ഷയെന്ന് പ്രധാനമന്ത്രി പറയുമ്പോഴാണ് ഗുജറാത്ത് സർക്കാരിൻ്റെ ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദില്ലിയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷക്കായി പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ഗുജറാത്ത് സർക്കാർ സ്ത്രീപീഡകരെ വെറുതെ വിടുകയാണെന്നും പവാർ വിമർശിച്ചു.
ഒരു വശത്ത് പ്രധാനമന്ത്രി സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ സംസ്ഥാനത്ത് നമ്മുടെ സഹോദരി ബിൽക്കിസ് ബാനോയും മക്കളും ക്രൂരതകൾ അനുഭവിച്ചു. അവളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അത് ചെയ്തവരുടെ ശിക്ഷ ബിജെപി സർക്കാർ ലഘൂകരിച്ചു. ബിജെപിയുടെ സ്ത്രീകളോടുള്ള ബഹുമാനം എങ്ങനെയാണെന്ന് അവർ ജനങ്ങൾക്ക് കാണിച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.