ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന മാംസത്തെ ചൊല്ലി ആരോപണം, സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

Published : Jul 28, 2024, 11:09 AM IST
ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന മാംസത്തെ ചൊല്ലി ആരോപണം, സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

Synopsis

ലാബ് പരിശോധനാ ഫലം വരുമ്പോൾ മാത്രമേ വ്യക്തത വരൂവെന്ന് കർണാടക സർക്കാർ അറിയിച്ചു. 

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്ന മാംസത്തിൽ പട്ടിയിറച്ചിയെന്ന് ആരോപിച്ച് പ്രതിഷേധം. റസ്റ്റോറന്‍റുകളിലേക്ക് കൊണ്ടുവരികയായിരുന്ന മാംസം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. ലാബ് പരിശോധനാ ഫലം വരുമ്പോൾ മാത്രമേ വ്യക്തത വരൂവെന്ന് കർണാടക സർക്കാർ അറിയിച്ചു. 

രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരം ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പട്ടിയിറച്ചി ആരോപണം എന്തടിസ്ഥാനത്തിലാണ് പ്രതിഷേധക്കാർ ഉന്നയിച്ചതെന്ന് വ്യക്തമല്ല. ആട്ടിറച്ചിക്കൊപ്പം പട്ടിയിറച്ചിയും വിൽപനയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ ആക്റ്റിവിസ്റ്റ് പുനീത് കേരേഹള്ളിയുടെ നേതൃത്വത്തിലാണ് ബെംഗളൂരുവിലെ മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധിച്ചത്.

തുടർന്ന് പൊലീസ് സംഘവും കർണാടക എഫ്എസ്എസ്എയിലെ ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തി. ട്രെയിനിൽ കൊണ്ടുവന്ന മാംസം കർണാടക ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ) കമ്മീഷണറേറ്റ് പിടിച്ചെടുത്തു. മാംസത്തിൽ പട്ടിയിറച്ചിയുണ്ടോ എന്ന പരിശോധനയാണ് നടക്കുന്നത്. 90 ബോക്സുകൾ ഉണ്ടായിരുന്നുവെന്നും  സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചെന്നും എഫ്എസ്എസ്എ അറിയിച്ചു. പാഴ്സലുകൾ അയച്ചവരുടെയും സ്വീകരിച്ചവരുടെയും എഫ്എസ്എസ്എഐ ലൈസൻസുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. പുനീത് കേരേഹള്ളിക്കെതിരെ ബിഎൻഎസ് നിയമത്തിലെ സെക്ഷൻ 132 (സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), സെക്ഷൻ 351 (2) (സമാധാനാന്തരീക്ഷം തകർക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്.

ഈ കോളുകൾ വന്നാൽ ഉടനെ പൊലീസിൽ അറിയിക്കണം, ഒരിക്കലും തട്ടിപ്പിൽ വീഴരുത്; വീഡിയോയുമായി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച