ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: സഞ്ജയ് റാവത്ത്

By Web TeamFirst Published Nov 22, 2019, 11:52 AM IST
Highlights

മഹാരാഷ്ട്രയിലെ ജനങ്ങളും ശിവസേനാ പ്രവര്‍ത്തകരും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സ‍ഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും തങ്ങളുടെ കൈവശമായിരിക്കുമെന്ന് വ്യക്തമാക്കി ശിവസേന. അതേസമയം ആരാവും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ശിവസേനയില്‍ ചര്‍ച്ച തുടരുകയാണ്. 

ഇന്ന് മാതോശ്രീയില്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും ശിവസേനാനേതാക്കളുടേയും യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക് നാഥ് ശിണ്ഡേ എന്നിവരുടെ പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.  മുഖ്യമന്ത്രി സ്ഥാനം നേതാക്കൾ പങ്കിടുന്നതിനുള്ള സാധ്യതയും ചര്‍ച്ച ചെയ്യുന്നുണ്ട്. 

അതിനിടെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി തന്‍റെ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അഞ്ച് വര്‍ഷത്തെ കാലാവധി ശിവസേനയുടെ മുഖ്യമന്ത്രിക്ക് കീഴില്‍ സര്‍ക്കാര്‍ തികയ്ക്കുമെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജനങ്ങളും ശിവസേനാ പ്രവര്‍ത്തകരും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സ‍ഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയായി എന്‍സിപിയും ശരത് പവാറും താങ്കളുടെ പേര് നിര്‍ദേശിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ആണ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

click me!