'താന്‍ ഇന്ത്യക്കാരന്‍, നീതി ലഭിക്കും': പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ കാര്‍ഗില്‍ യുദ്ധപോരാളി

By Web TeamFirst Published Jun 10, 2019, 10:45 PM IST
Highlights

അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി  കഴിഞ്ഞ മാസം 29 നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന്‍ സനാവുള്ളയെ ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്.

ഗുവാഹത്തി: താന്‍ ഇന്ത്യക്കാരനാണ്, അത് എല്ലായിപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ റിട്ടയേര്‍ഡ് ഓണററി ലഫ്റ്റനന്‍റ് മുഹമ്മദ് സനാവുള്ള. അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി  കഴിഞ്ഞ മാസം 29 നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന്‍ സനാവുള്ളയെ ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്.

എന്നാല്‍ സനാവുള്ളയുടെ കുടുംബം നല്‍കിയ ഹര്‍ജിപരിഗണിച്ച് ഉപാധികളോടെ ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.1987 ല്‍ യൂണിഫോമണിഞ്ഞ താന്‍ 30 വര്‍ഷം ആര്‍മിക്ക് വേണ്ടി സേവനം ചെയ്തു. രണ്ടു തവണ ജമ്മുവിലും കാശ്മീരിലും ഒരു തവണ ഇംഫാലിലും ഉണ്ടായിരുന്നു. ജാമ്യം തന്നതിന് കോടതിയോട് നന്ദിയുണ്ട്. താനൊരു ഇന്ത്യക്കാരനാണ്, അത് എല്ലായിപ്പോഴും അങ്ങനെ തന്നെയായിരിക്കും. നീതി ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സനാവുള്ള പറഞ്ഞു.

ബംഗ്ലാദേശ് കുടിയേറ്റക്കാരെ കണ്ടെത്താനായി അസമിൽ പൗരത്വ നിയമം നടപ്പാക്കിയതോടെയാണ് മുഹമ്മദ് സനാവുള്ളക്ക്  ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടത്. കേന്ദ്ര പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ 3.29 കോടിയാളുകളാണ് അപേക്ഷ നല്‍കിയത്. ഇവരില്‍ അന്തിമ കരട് പട്ടികയിൽ 2.89 കോടി പേർ മാത്രമാണ് ഇടം നേടിയത്. 40 ലക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ രേഖയില്ലെന്നാണ് സര്‍ക്കാര്‍ വാദം. 


 

click me!