
ചെന്നൈ: അനധികൃത മണൽ ഖനനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന് (Samuel Mar Irenios) ജാമ്യം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തിരുനെൽവേലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബിഷപ്പ് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയിൽ 300 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടിയ മാനുവൽ ജോർജ് താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്‍റെ ഉടമകൾക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണം പാതിയിൽ നിലച്ചു.
നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചിരുന്നു. ഭൂമിയുടെ യഥാർത്ഥ ഉടമകളെന്ന നിലയിലാണ് നടപടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി സഭാ അധികാരികൾക്ക് സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. മാനുവൽ ജോർജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam