ആൾക്കൂട്ടം മർദ്ദിച്ച് അണുനാശിനി കുടിപ്പിച്ച ശുചീകരണത്തൊഴിലാളി മരിച്ചു

By Web TeamFirst Published Apr 20, 2020, 4:33 PM IST
Highlights

ഉത്തർപ്രദേശിലെ റാംപൂരിൽ മോത്തിപുര ​ഗ്രാമത്തിൽ അണുനാശിനി തളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്രദേശവാസിയായ യുവാവിന്റെ കാലിൽ വീണു. 

ലക്നൗ: ഉത്തർപ്രദേശിൽ  അഞ്ചുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് അണുനാശിനി കുടിപ്പിച്ച ശുചീകരണത്തൊഴിലാളി മരിച്ചു. മൂന്നുദിവസങ്ങളായി മുറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുൻവാർ പാൽ എന്ന ഇരുപത്തൊമ്പത് വയസ്സുള്ള തൊഴിലാളിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ റാംപൂരിൽ മോത്തിപുര ​ഗ്രാമത്തിൽ അണുനാശിനി തളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്രദേശവാസിയായ യുവാവിന്റെ കാലിൽ വീണു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ആൾക്കൂട്ടം കുൻവർപാലിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കൂടാതെ അണുനാശിനി കുടിപ്പിക്കുകയും ചെയ്തു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ​ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനത്തിന് നിയോ​ഗിക്കപ്പെട്ടയാളായിരുന്നു ഇയാൾ. 

മോത്തിപുര സ്വദേശിയായ ഇന്ദ്രപാൽ എന്നയാളുടെ കാലിലാണ് അണുനാശിനി വീണത്. ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഇന്ദ്രപാലും നാലു സുഹൃത്തുക്കളും ചേർന്ന് കുൻവാർപാലിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ​ഗുരുതരമായ പരിക്കേറ്റ കുൻവർപാലിനെ പ്രദേശവാസികൾ ചേർന്നാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് മുറാദാബാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ 17 ന് കുൻവർപാൽ മരിച്ചു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അരുൺ കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐപിസി 147, 323,304 എന്നീ വകുപ്പുകൾ ചുമത്തി കുറ്റവാളികളായ അഞ്ചുപേർക്കെതിരെ എഎഫ്ഐആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുൻവർപാലിന്റെ സഹോദരനായ ഹരിശങ്കർ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിരുന്നു. അ‍ഞ്ചുപേർ ചേർന്ന് ബലമായി അണുനാശിനി കുടിപ്പിച്ച സംഭവവും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. കുൻവർപാലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം, കുറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ അരുൺ കുമാർ പറഞ്ഞു.  

click me!