അഹമ്മദാബാദ്: അഹമ്മദാബാദിനെ മിനി പാകിസ്ഥാൻ എന്ന് വിളിച്ചതിലൂടെ ശിവസേന എംപി സജ്ഞയ് റാവത്ത് ഗുജറാത്തിനെ അപമാനിച്ചെന്ന് ബിജെപി. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് സജ്ഞയ് റാവത്ത് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാക് അധീന കാശ്മീരിനോട് മുംബൈയെ താരതമ്യപ്പെടുത്തിയത് പോലെ നടി കങ്കണ റാണാവത്തിന് അഹമ്മദാബാദിനെ മിനി പാകിസ്ഥാൻ എന്ന് വിളിക്കാൻ ധൈര്യമുണ്ടോയെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി ചോദിച്ചിരുന്നു.
കങ്കണയും സജ്ഞയ് റാവുത്തും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങളുടെ ഫലമായിട്ടായിരുന്നു എംപിയുടെ ഈ ചോദ്യം. നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടർന്ന് മുംബൈ സുരക്ഷിതമല്ലെന്ന് കഴിഞ്ഞ ദിവസം കങ്കണ പ്രസ്താവന നടത്തിയിരുന്നു. ഗുജറാത്തിലെ ബിജെപി വക്താവ് ഭരത് പാണ്ഡ്യയാണ് ശിവസേന നേതാവ് സംസ്ഥാനത്തെ അപകീർത്തിയെന്ന് വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് സജ്ഞയ് റാവത്ത് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനുള്ള അവസരങ്ങൾ ഉപയോഗിക്കുന്ന ശീലം ശിവസേന അവസാനിപ്പിക്കണമെന്നും പാണ്ഡ്യ പറഞ്ഞു. സർദാർ പട്ടേലിന്റെയും ഗാന്ധിജിയുടെയും ഗുജറാത്താണിത്. 562 രാജ്യങ്ങളെ ഒരുമിച്ച് ചേർത്ത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തിയ വ്യക്തിയാണ് പട്ടേൽ എന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam