അടുത്ത 'രാഷ്ട്രീയ അത്ഭുതം' ഗോവയിലെന്ന് ശിവസേന; ചങ്കിടിപ്പോടെ ബിജെപി

By Web TeamFirst Published Nov 29, 2019, 2:21 PM IST
Highlights

ഗോവ ഭരിക്കുന്ന ബിജെപിയെ പുറത്തു നിന്നും പിന്തുണയ്ക്കുന്നതില്‍ മൂന്ന് ജിഎഫ്പി എംഎല്‍എ മാരും ഒരു സ്വതന്ത്രനും ഉണ്ട്. 

മുംബൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ അടുത്തത് ഗോവയാണ് എന്ന സൂചന നല്‍കി ശിവസേന. ഇനി 'രാഷ്ട്രീയ അത്ഭുതം' സംഭവിക്കാന്‍ പോകുന്നത് ഗോവയിലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് സൂചിപ്പിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഗോവയിലെ ഗോവാ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) അദ്ധ്യക്ഷന്‍ വിജയ് സര്‍ദേശായിയും മൂന്ന് എംഎല്‍എമാരും സഞ്ജയ് റാവത്തിനെ വിളിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ അഭ്യൂഹങ്ങളിലേക്ക് നയിക്കുന്നത്. 

ഗോവ ഭരിക്കുന്ന ബിജെപിയെ പുറത്തു നിന്നും പിന്തുണയ്ക്കുന്നതില്‍ മൂന്ന് ജിഎഫ്പി എംഎല്‍എ മാരും ഒരു സ്വതന്ത്രനും ഉണ്ട്. നാലു പേരും ശിവസേനയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനൊപ്പം മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ദാവ്‌ലിക്കര്‍, ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് ചില എംഎല്‍എമാര്‍ എന്നിവരെല്ലാം ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റൗത്ത് പറയുന്നു. ഗോവ സര്‍ക്കാരിന് ധാര്‍മ്മികത നഷ്ടമായിരിക്കുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി ഇതരരുടെ മുന്നണി ഉണ്ടാക്കുകയാണ്.

'രാജ്യത്തുടനീളം ഇതു സംഭവിക്കും. മഹാരാഷ്ര്ടയ്ക്കു ശേഷം ഇപ്പോള്‍ ഗോവ. അതിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക്. രാജ്യത്ത് ബി.ജെ.പി ഇതര രാഷ്ര്ടീയ മുന്നണി രൂപീകരിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. ഇത് ഗോവയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കും അത് ഗോവയില്‍ മറ്റൊരു അത്ഭുതത്തിന് കാരണമാകുമെന്ന് കരുതുന്നതായും റൗത്ത് പറയുന്നു.

ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുമോ എന്ന് ഞങ്ങള്‍ ശ്രമിക്കുകയാണെന്ന് ഗോവ മുന്‍ ഉപമുഖ്യമന്ത്രി സര്‍ദേശായിയും പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യം തെറ്റായിപ്പോയെന്നു സര്‍ദേശായി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സേന ഈ നീക്കം നടത്തിയത്.  'പരീക്കറിന്‍റെ മരണശേഷവും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതൊരു വികാരഭരിതമായ സമയമാണ്. ഇതിനു ഞാന്‍ മാപ്പ് ചോദിക്കുകയാണ്.' സര്‍ദേശായി ട്വീറ്റ് ചെയ്തു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി.എഫ്.പിക്ക് ആകെ മൂന്ന് സീറ്റുകളാണു ലഭിച്ചത്. തുടര്‍ന്നു പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി അവര്‍ പിന്തുണ നല്‍കിയിരുന്നു. മഹാരാഷ്ര്ടവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) മൂന്നു സ്വതന്ത്രരും പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പിന്തുണച്ചിരുന്നു. 

ഈവര്‍ഷം മാര്‍ച്ച് 17നാണ് പരീക്കര്‍ മരിക്കുന്നത്. തുടര്‍ന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുകയും ജി.എഫ്.പി പിന്തുണ തുടരുകയുമായിരുന്നു. 40 അംഗ നിയമസഭയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 30 പേരുടെ പരസ്യ പിന്തുണയാണുള്ളത്. എന്നാല്‍ ജി.എഫ്.പിയും ഒരംഗമുള്ള എം.ജി.പിയും അവരെ പുറത്തുനിന്നു പിന്തുണയ്ക്കുന്നുണ്ട്.
 

click me!