
ദില്ലി: ഇലക്‌ടറൽ ബോണ്ട് വിവരങ്ങളിൽ ദുരൂഹതയേറുന്നു. സാന്റിയാഗോ മാര്‍ട്ടിൻ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാൻ ആരംഭിച്ചത് കമ്പനിയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണെന്നാണ് പുറത്തുവരുന്ന വിവരം. ലോട്ടറി നടത്തുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 2019 സെപ്റ്റംബറിലാണ് മുന്നറിയിപ്പ് നൽകിയത്. തൊട്ടടുത്ത മാസമാണ് മാര്‍ട്ടിന്റെ കമ്പനി 190 കോടിയുടെ ബോണ്ട് വാങ്ങിയത്.
മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നത്. കെവെന്റര്‍ ഗ്രൂപ്പും ഇലക്ടറൽ ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കെവന്റര്‍ ഗ്രൂപ്പിന്റെ നാല് അനുബന്ധ കമ്പനികൾ 600 കോടിയുടെ ബോണ്ടുകൾ വാങ്ങി. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കമ്പനി ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ 285 കോടി നികുതിയിളവ് നൽകിയ കമ്പനിയും ബോണ്ടുകൾ വാങ്ങിയതായി വിവരങ്ങൾ പുറത്തുവന്നു. സുധീര്‍ മേത്തയുടെ ടൊറന്റ് ഗ്രൂപ്പ് 185 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ മോദിയുമായി പരിചയമുള്ള വ്യവസായിയാണ് സുധീര്‍ മേത്തയെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധന മന്ത്രാലയം ഹൈ റിസ്‌ക് കാറ്റഗറിൽ പെടുത്തിയ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഈ കമ്പനികളിൽ മൂന്നെണ്ണമെങ്കിലും കോടിക്കണക്കിന് രൂപയുടെ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam