കൊലക്കേസില്‍ ശിക്ഷ അനുഭവിക്കവെ ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാലിന് മരണം

By Web TeamFirst Published Jul 18, 2019, 11:30 AM IST
Highlights

തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ നെറികെട്ട നീക്കങ്ങളെ തുടര്‍ന്നാണ് ഇരുമ്പഴിക്കുള്ളിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം

ചെന്നൈ: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ മരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി. 

ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രാജഗോപാലിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജഗോപാല്‍ മരണപ്പെടുകയായിരുന്നു. 

വെജിറ്റേറിയന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് കീര്‍ത്തി കേട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയെന്ന നിലയില്‍ പ്രശസ്തനായ രാജഗോപാല്‍ തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ നെറികെട്ട നീക്കങ്ങളെ തുടര്‍ന്നാണ് ഇരുമ്പഴിക്കുള്ളിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം. 

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്‍റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍  രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക്  വിവാഹം ചെയ്തു നല്‍കി. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും  ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. 

ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭര്‍ത്താവിന്‍റെ കൊലപാതകത്തിന് കാരണമായവരെ പിടികൂടാന്‍ ജീവജ്യോതി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ചെന്നൈയിലെ വിചാരണ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിന് വിധിച്ചത്. പിന്നീട് 2004-ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.  

എന്നാല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചിട്ടും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ പോകുന്നത് വൈകിപ്പിക്കാന്‍ രാജഗോപാല്‍ ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെ ഏതാനും ദിവസം മുമ്പാണ്  ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സില്‍ മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ശരവണ ഭവൻ ഉടമയെ വിദഗ്ധ പരിശോധനയക്ക് ശേഷമാണ് കോടതി പുഴൽ ജയിലിലേക്ക് അയച്ചത്. ജയിലിൽ സഹായിയെ വേണമെന്ന രാജഗോപാലിന്‍റെ ആവശ്യവും കോടതി പിന്നീട് അംഗീകരിച്ചു. 

എന്നാല്‍ ജയിലില്‍ വച്ച് വേണുഗോപാലിന്‍റെ ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്‍ററിലോ പിതാവിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടാണ് വേണുഗോപാലിന്‍റെ മകന്‍ ശരവണന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 72-കാരനായ രാജഗോപാലിന് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

click me!