
മുംബൈ: സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും രാഹുൽഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം.
'ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്'- ഉദ്ധവ് പറഞ്ഞു. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ നമുക്ക് വായിക്കാനാവൂ. അത് ത്യാഗത്തിന്റെ ഒരു രൂപമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ നമ്മുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന ഒന്നല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാഹുലിനേയും കോൺഗ്രസിനേയും അപകീർത്തിപ്പെടുത്താൻ മമതയും മോദിയും കരാറെടുത്തിരിക്കുന്നു; അധിർരഞ്ജൻ ചൗധരി
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗം-കോൺഗ്രസ്- എൻസിപി സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്, എന്നാൽ നമ്മൾ സമയം പാഴാക്കിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാപ്പു പറയുമോ എന്ന ചോദ്യത്തിന് രാഹുൽ സവർക്കറെ താരതമ്യപ്പെടുത്തി മറുപടി പറഞ്ഞത്. മോദി പരാമർശത്തിൽ മാപ്പു പറയുമോ എന്ന് ചോദിച്ചപ്പോൾ താൻ സവർക്കറല്ല, ഗാന്ധിയാണ്, രാഹുൽ ഗാന്ധി എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതാണ് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam