ഗാന്ധിയുടെ നിർദ്ദേശപ്രകാരമല്ല 'സവർകറുടെ മാപ്പ്'; പ്രതിരോധമന്ത്രിയുടെ പ്രസ്താവന തള്ളി ​ഗാന്ധിയുടെ കൊച്ചുമകൻ

Published : Oct 16, 2021, 09:20 AM IST
ഗാന്ധിയുടെ നിർദ്ദേശപ്രകാരമല്ല 'സവർകറുടെ മാപ്പ്'; പ്രതിരോധമന്ത്രിയുടെ പ്രസ്താവന തള്ളി ​ഗാന്ധിയുടെ കൊച്ചുമകൻ

Synopsis

ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവർക്കർ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ തേടി സവർക്കറുടെ സഹോദരൻ ഒരിക്കൽ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. 

മുംബൈ: ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് സവർക്ക‍ർ (V D Savarkar) ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ (Rajnath Singh) പ്രസ്താവനയ്ക്കെതിരെ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി (Thushar Gandhi) . ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സവർകറുടെ പുസ്തകങ്ങൾ പഠിക്കുന്നതിൽ തെറ്റില്ലെങ്കിലും അത്തരം പുസ്തകങ്ങളുടെ ലക്ഷ്യം ഓ‍‍ർത്ത് വേണം പഠിപ്പിക്കാനെന്ന് കണ്ണൂർ സവർകലാശാലയിലെ സിലബസ് വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. 

ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവർക്കർ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ തേടി സവർക്കറുടെ സഹോദരൻ ഒരിക്കൽ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. പക്ഷേ അതിനുമുമ്പുതന്നെ 11 തവണ സവർക്കർ മാപ്പപേക്ഷ നടത്തിയതാണ്. അതെല്ലാം മറച്ചുവെച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാർ ​ഗാന്ധി പറഞ്ഞു. 

ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാർട്ടികൾ പോലും പോലും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ  പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വരുന്നില്ല. ആദർശങ്ങളും ആശയങ്ങളും മറന്നു തെരഞ്ഞെടുപ്പു വിജയം മാത്രമായി രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യമെന്ന് പറഞ്ഞ തുഷാർ ​ഗാന്ധി കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തെക്കുറിച്ചും പ്രതികരിച്ചു. സവർക്കറുടെ പുസ്തകങ്ങൾ പാഠഭാഗം ആകുന്നതിൽ തെറ്റില്ല. തെറ്റും ശരിയും തിരിച്ചറിയാൻ എല്ലാം പഠിക്കുന്നത് നല്ലതാണ്. പക്ഷേ സവർക്കറുടെ പുസ്തകങ്ങൾ പഠിപ്പിക്കുമ്പോൾ ജാഗ്രത വേണം. സവർക്കർ തൻറെ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ആണ് പുസ്തകങ്ങൾ എഴുതിയത് എന്ന കാര്യം മറക്കരുത് എന്നും തുഷാർ ​ഗാന്ധി പറഞ്ഞു. 

ഏഷ്യാനെറ്റ് റിപ്പോർട്ടർ ശ്രീനാഥ് ചന്ദ്രൻ തുഷാർ ​ഗാന്ധിയുമായി നടത്തിയ സംഭാഷണം...

ചോദ്യം: ഗാന്ധി ആവശ്യപ്പെട്ടിട്ടാണ് സവർകർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. അങ്ങനെ കേട്ടപ്പോൾ എന്താണ് തോന്നിയത്.? 

ഉത്തരം: ചരിത്രത്തെ തിരുത്തി അവർക്കാവശ്യമുള്ള പോലെ തിരുത്തി എഴുതാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. സവർകറുടെ സഹോദരൻ 1920ൽ ഗാന്ധിയെ കണ്ട് മാപ്പപേക്ഷയിൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട സംഭവമാണ് ഇതിനായി രാജ് നാഥ് സിംഗ് ഉന്നയിക്കുന്നത്. ആ തീരുമാനത്തെ ഗാന്ധി എതിർത്തില്ല എന്നതാണ് വാദം. എന്നാൽ അതിന് മുൻപ് പലവട്ടം സവർകർ മാപ്പപേക്ഷ നൽകിയതാണ്. ഗാന്ധി ഇന്ത്യയിൽ ഇല്ലായിരുന്നപ്പോഴാണ് ഇതെല്ലാം. മാപ്പപേക്ഷയെക്കുറിച്ച് പറയുമ്പോൾ ഇതൊക്കെ മറന്ന് കളയുന്നത് എന്തിനാണ്?

ചോദ്യം: പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ സവർക്കറുടെ കൊച്ച് മകൻ ഗാന്ധിയെ രാഷ്ട്ര പിതാവായി കാണാനാകില്ലെന്ന് കൂടി പറഞ്ഞു

ഉത്തരം: അത്തരം പരാമർശങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. ജനങ്ങൾക്ക് തീരുമാനിക്കാം ആരെ ബഹുമാനിക്കണമെന്ന്. 

ചോദ്യം: ഗാന്ധിയുടെ ആദർശങ്ങൾ പിന്തുടരുന്നവർ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പോലും രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണമൊന്നും കാണുന്നില്ല

ഉത്തരം: ആശയങ്ങളും ആദർശങ്ങളും എല്ലാം ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കൈമോശം വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമായി മാറി പാർട്ടികളുടെ ലക്ഷ്യം. പ്രതികരണങ്ങൾ കാണാത്തതിനെ ഇങ്ങനെ  വിലയിരുത്താം

ചോദ്യം:സവർകറിന്‍റെ പുസ്തകം ചേർത്ത് കണ്ണൂർ സ‍ർവകലാശാല തയ്യാറാക്കിയ സിലബസ് വലിയ വിവാദമായിരുന്നു.എന്താണ് ഇക്കാര്യത്തിൽ നിലപാട് 

ഉത്തരം: എല്ലാവരെക്കുറിച്ചും വിദ്യാർഥികൾ പഠിക്കണം.തെറ്റും ശരിയും മനസിലാക്കാൻ അത് ഉപകരിക്കും.  എന്നാൽ എങ്ങനെ പഠിപ്പിക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്. സവർക്കറുടെ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ളതായിരുന്നു. അത് കൂടി ശ്രദ്ധിക്കണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും