സിംഗു കൊലപാതകം; ഒരു നിഹാങ്ക് അറസ്റ്റിൽ; കീഴടങ്ങുകയായിരുന്നെന്ന് റിപ്പോർട്ട്

By Web TeamFirst Published Oct 16, 2021, 8:02 AM IST
Highlights

നിഹാങ്ക് സരബ്ജീത് സിംഗിന്‍റെ അറസ്റ്റാണ് ഹരിയാന പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 

ദില്ലി: സിംഗു കൊലപാതകത്തിൽ (Singhu murder) ഒരാൾ അറസ്റ്റിലായി. നിഹാങ്ക് (nihang)  സരബ്ജീത് സിംഗിന്‍റെ അറസ്റ്റാണ് ഹരിയാന പൊലീസ് (Haryana) രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ പുലര്‍ച്ചെയാണ് സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു. അതേസമയം കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച യുവാവിന്‍റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. 

പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പാസ് ചോദിച്ചതിന് നിഹാങ്കുകൾ പഞ്ചാബ് പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്ഐ ഹർജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി സിംഗുവിൽ കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് സമരം. 

click me!