
ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച് പ്രശ്നമുണ്ടാക്കി ഒരു ദിവസത്തിന് ശേഷം അതേ എസ്ബിഐ ഉദ്യോഗസ്ഥ കന്നഡയിൽ ക്ഷമാപണം നടത്തുന്ന പുതിയ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. 'എന്നെക്കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കും' എന്ന് സഹപ്രവർത്തകർ പഠിപ്പിച്ചു കൊടുക്കുന്നത് പറയുന്ന ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഉദ്യോഗസ്ഥയെ എസ്ബിഐ സ്ഥലം മാറ്റിയതിന് ശേഷമാണ് ക്ഷമാപണം നടത്തുന്ന ഈ വീഡിയോ പുറത്തുവന്നത്.
പ്രാദേശിക ഭാഷ സംസാരിക്കുന്നതിനെച്ചൊല്ലി ഉപഭോക്താവുമായി തർക്കിക്കുന്ന സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വലിയ വിവാദമായി മാറിയിരുന്നു. ബംഗളൂരുവിലെ എസ്ബിഐയുടെ സൂര്യ നഗർ ശാഖയിൽ നടന്ന ഈ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾക്കും കാരണമായി. കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു.
ആദ്യത്തെ വീഡിയോയിൽ, എസ്ബിഐ ജീവനക്കാരി കന്നഡയിൽ സംസാരിക്കാൻ ഉപഭോക്താവ് ആവശ്യപ്പെടുമ്പോൾ തർക്കിക്കുന്നത് കാണാം. 'ഞാൻ സംസാരിക്കണമെന്ന് നിയമമുണ്ടോ?' എന്ന് ഉദ്യോഗസ്ഥ മറുപടി ചോദിക്കുന്നു. സംഭാഷണം രൂക്ഷമാകുമ്പോൾ, 'ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല' എന്ന് പറഞ്ഞാണ് അവർ നടന്നുപോയത്.
'ഇത് കർണാടകയാണ്' എന്ന് ഉപഭോക്താവ് പറയുന്നതും കേൾക്കാമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥ 'ഇത് ഇന്ത്യയാണ്' എന്നാണ് മറുപടി നൽകിയത്. ജീവനക്കാരി ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിക്കാനായി ആവശ്യപ്പെടുന്നതായും കാണാം. ഹിന്ദി അടിച്ചേൽപ്പിക്കുന്നു, ഉപഭോക്താക്കളോട് മോശമായി പെരുമാറുന്നു, ആർബിഐ നിയമങ്ങൾ ലംഘിക്കുന്നു എന്ന് ആരോപിച്ച് ഇതോടെ സോഷ്യല്‍ മീഡിയയിൽ അടക്കം വലിയ പ്രതിഷേധങ്ങൾ ഉയര്‍ന്നു.
പിന്നാലെ ഉപഭോക്താക്കളുടെ വികാരങ്ങളെ ബാധിക്കുന്ന പെരുമാറ്റങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും മാന്യമായ പെരുമാറ്റത്തിന് പ്രതിജ്ഞാബദ്ധരാണെന്നും എസ്ബിഐ വ്യക്തമാക്കി. ജീവനക്കാരിയെ സ്ഥലം മാറ്റുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജീവനക്കാരിയുടെ പെരുമാറ്റത്തെ അപലപിച്ചു. അവരെ സ്ഥലം മാറ്റാനുള്ള എസ്ബിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam