ട്രൈബ്യൂണലുകളെ ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു: രൂക്ഷവിമർശനവുമായി സുപ്രീംകോടതി

By Web TeamFirst Published Sep 6, 2021, 12:48 PM IST
Highlights

 ജഡ്ജിമാരുടെ ക്ഷമ പരീക്ഷിക്കുകയാണോ എന്ന്  ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. ഒരാഴ്ച കൂടി കേന്ദ്രം എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കും.

ദില്ലി: ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണോ സര്‍ക്കാരെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. ഒഴിവുകൾ നികത്താൻ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ  സമയം കൂടി നൽകി കേസ് മാറ്റിവെച്ചു. 

രാജ്യത്തെ ട്രൈബ്യൂണലുകളിലുള്ള  ഒഴിവുകൾ നികത്താത്തതിന് കേന്ദ്രത്തെ വിമര്‍ശിക്കുകയും പത്ത് ദിവസത്തിനകം ഒഴിവുകൾ നികത്താൻ ആവശ്യപ്പെടുകയും ചെയ്ത് ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിറക്കിയിരിക്കുന്നു. ആ ഉത്തരവ് നടപ്പാക്കത്തതിനാണ് ഇന്നത്തെ വിമര്‍ശനം.

കോടതി ഉത്തരവ് മാനിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജഡ്ജിമാരുടെ ക്ഷമ പരീക്ഷിക്കുകയാണോ എന്ന്  ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. ഒരാഴ്ച കൂടി കേന്ദ്രം എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കും. അതിന് ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

 ട്രൈബ്യൂണലുകളെ അപ്രസക്തമാക്കാനും അവഹേളിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ട്രൈബ്യൂണലുകളുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒഴിവുകൾ നികത്താതെ നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര നടപടിയെ കോടതി വിമര്‍ശിച്ചത്. 19 ചെയര്‍മാന്മാരുടെയും  110 ജുഡീഷ്യൽ അംഗങ്ങളുടെയും ഒഴിവാണ് ട്രൈബ്യൂണലുകളിൽ ഉള്ളത്. നൽകിയ സമയത്തിനുള്ളിൽ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  ഉറപ്പുനൽകി. 

ഒമ്പത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാര്‍ശയിൽ ഒരാഴ്ചക്കുള്ളിൽ കേന്ദ്രം തീരുമാനം എടുത്തതിനെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പ്രശംസിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും ആ വേഗത പ്രതീക്ഷിക്കുന്നതായി പറഞ്ഞതിനൊപ്പമാണ് ട്രൈബൂണലുകളിലെ ഒഴിവുകൾ നികത്തുന്നതിലെ മെല്ലപ്പോക്കിനെ കോടതി ചോദ്യം ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!