
ദില്ലി: ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രമായ വൻതാരക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വൻതാരക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടാണ് സമർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതി ജഡ്ജിമാരായ പങ്കജ് മിത്തലും ജസ്റ്റിസ് പി ബി വരാലെയും അടങ്ങുന്ന ബെഞ്ച്, വൻതാര മാനദണ്ഡങ്ങൾ പാലിച്ചതായും നിയന്ത്രണ നടപടികൾ സ്വീകരിച്ചതായും അധികൃതർ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 12 ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐടിയുടെ റിപ്പോർട്ട് ബെഞ്ച് പരിശോധിച്ച ശേഷം ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
ആനന്ദ് അംബാനിയുടെ ആശയത്തിൽ രൂപം നൽകിയ വൻതാര, ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷനാണ് നടത്തുന്നത്. പരാതികളെ തുടർന്ന് വൻതാരക്കെതിരെ വസ്തുതാന്വേഷണ അന്വേഷണം നടത്താൻ ഓഗസ്റ്റ് 25 ന് ഒരു എസ്‌ഐടി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിയമങ്ങൾ പാലിക്കാത്തതിനും ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആനകളുൾപ്പെടെ, മൃഗങ്ങളെ എത്തിച്ചുവെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങൾ. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജസ്തി ചെലമേശ്വറാണ് നാലംഗ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.
മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും റിപ്പോർട്ടുകളുടെയും എൻജിഒകളുടെയും വന്യജീവി സംഘടനകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ വൻതാരക്കെതിരെയുള്ള പൊതുതാൽപര്യ ഹർജികൾ പരിഗണിക്കും. വൻതാരയിലെ ആനകളെ അവയുടെ ഉടമസ്ഥർക്ക് തിരികെ നൽകുന്നതിന് ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി ആർ ജയ സുകിൻ സമർപ്പിച്ച ഹർജി തികച്ചും അവ്യക്തമാണെന്ന് എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു.