'ക്രിമിനൽ' സ്ഥാനാർത്ഥികളുടെ വിവരങ്ങൾ 48 മണിക്കൂറിൽ പുറത്തുവിടൂ: സുപ്രീംകോടതി

By Web TeamFirst Published Feb 13, 2020, 11:44 AM IST
Highlights

രാഷ്ട്രീയത്തിലെ ക്രിമിനൽ വൽക്കരണം ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റോഹിൻടൻ നരിമാൻ, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളായ ബഞ്ച് ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ടത്.

ദില്ലി: ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും കേസ് വിവരങ്ങൾ 48 മണിക്കൂറിനകം എല്ലാ പാർട്ടികളും സ്വന്തം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും ക്രിമിനൽ റെക്കോഡ്‍സ് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി കർശനനിർദേശം നൽകിയിരിക്കുന്നത്.

ഇതേ വിവരങ്ങൾ, പ്രാദേശിക പത്രങ്ങളിലും, ഔദ്യോഗിക വെബ്സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലെ ഹാൻഡിലുകളിലും പ്രസിദ്ധീകരിക്കണം. കേസ് വിവരങ്ങൾ വെറുതെ നൽകിയാൽ മാത്രം പോര, എന്ത് തരം കേസ്, ഇതുമായി ബന്ധപ്പെട്ട അന്വേഷണമോ വിചാരണയോ ഏത് ഘട്ടത്തിലാണ് എന്നതും വിശദീകരിക്കണം.

മത്സരത്തിന് ഇറങ്ങുന്ന ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ തന്നെയാകണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് ഈ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതെന്ന് പാർട്ടി ജനങ്ങളോട് പറയാനും ബാധ്യസ്ഥരാണ്.

''ജയസാധ്യത എന്നത് മാത്രമാകരുത് ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. പ്രത്യേകിച്ച് ഈ സ്ഥാനാർത്ഥിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ'', എന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് പാലിച്ചുവെന്ന് കാട്ടി എല്ലാ പാർട്ടികളും 48 മണിക്കൂറിന് ശേഷം ഉടൻ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകണം. കമ്മീഷൻ, സുപ്രീംകോടതി നിർദേശിച്ച എല്ലാ വിവരങ്ങളും പാർട്ടികൾ പ്രസിദ്ധീകരിച്ചുവെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കി കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇതുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായി നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ജസ്റ്റിസുമാരായ രോഹിൻടൺ ഫാലി നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണത്തിനെതിരായി സുപ്രീംകോടതി തന്നെ 2018-ൽ പുറപ്പെടുവിച്ച വിധി പല രാഷ്ട്രീയ പാർട്ടികളും അനുസരിക്കുന്നില്ലെന്ന് കാട്ടി അഭിഭാഷകരായ അശ്വിനി കുമാർ ഉപാധ്യായയും രാം ബാബു സിംഗ് ഠാക്കൂറും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 

2018 സെപ്റ്റംബർ 25-നാണ്, മത്സരരംഗത്തിറങ്ങുന്ന സ്ഥാനാർത്ഥികളെല്ലാം സ്വന്തം കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത്. ഈ വിവരങ്ങൾ കൃത്യമായി നാമനിർദേശപത്രികയിൽ ചേർക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചതാണ്. തനിക്കെതിരായി എന്തെല്ലാം ക്രിമിനൽ കേസുകളുണ്ടോ അവയെല്ലാം മൂന്ന് തവണ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ടിവി പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും അന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. 

click me!