പെഗാസസ് ചോർച്ച വിദഗ്ദ്ധസമിതി അന്വേഷിക്കും; കേന്ദ്രസർക്കാരിന് തിരിച്ചടി, സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും

By Asianet MalayalamFirst Published Oct 27, 2021, 2:31 PM IST
Highlights

പെഗാസെസ് ചാരസോഫ്റ്റ്വയെര്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന നിർദേശം തള്ളി പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതിയെ വച്ചതോടെ ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയത്

ദില്ലി: കോടതി (Supreme Court) ആവശ്യപ്പെട്ട വിവരങ്ങള്‍ നൽകാത്തതിൽ അടക്കം കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് പെഗാസസ് (pegasus) കേസിലെ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി നടത്തിയത്. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളിൽ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

പെഗാസെസ് ചാരസോഫ്റ്റ്വയെര്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന നിർദേശം തള്ളി പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതിയെ വച്ചതോടെ ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയത്. ഫോണുകള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ദേശ സുരക്ഷയെ മുന്‍ നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന തൊടു ന്യായത്തെ രൂക്ഷമായ ഭാഷയില് കോടതി വിമര്‍ശിച്ചു. 

വിവരങ്ങള്‍ നല്‍കാന്‍ പല കുറി സമയം നല്‍കി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ പരിമിതമായ വിവരങ്ങളുള്ള സത്യവാങ്മൂലമാണ് നല്‍കിയത്. വിവരങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ തങ്ങളുടെ ബാധ്യത കുറഞ്ഞേനെയെന്ന് കോടതി പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം ഹനിക്കപ്പെടുന്ന കാര്യമാണ് നടന്നിരിക്കുന്നത്. നിയമത്തിന്‍റെ പിന്‍ബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ജനാധിപത്യ സമൂഹത്തില്‍ സ്വകാര്യതയെ കുറിച്ച് പൗരന്മാര്‍ക്ക് ഇപ്പോള്‍ ആശങ്കയുണ്ട്. പൗരന്മാരെ ബാധിക്കുന്ന വിഷയത്തെ ഗൗരവത്തോടെ കാണാന്‍ കേന്ദ്രത്തിനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.കോടതിയെ വെറും കാഴ്ചക്കാരാക്കരുതെന്നും ഭരണഘടനാനുസൃതമായി വേണം കാര്യങ്ങള്‍നടപ്പാക്കാനെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സമിതി നിലവില്‍ വന്നതോടെ പെഗാസെസ് ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്രത്തിന് കൃത്യമായ മറുപടി നല്‍കേണ്ടി വരും. ഫോണുകള്‍ ചോര്‍ത്തപ്പെട്ടെങ്കില്‍ എന്തിന് എന്ന ചോദ്യവും നിര്‍ണ്ണായകമാകും.കെട്ടി ചമച്ച ആരോപണം എന്ന ന്യായീകരണം ഉന്നയിച്ച് ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച സര്‍ക്കാരിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരിക്കുകയാണ്. 

click me!