
മുംബൈ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിദ്ധരാമയ്യക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമുള്‍പ്പെടെയാണ് നോട്ടീസ്. 2023-ൽ വരുണ മണ്ഡലത്തില്‍നിന്നുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും സിദ്ധരാമയ്യയെ വിലക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ കെ ശങ്കരയാണ് ഹര്‍ജി നല്‍കിയത്. സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ആരോപിച്ചാണ് ഹർജി. കർണാടക ഹൈക്കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ചത്. ഹർജിക്ക് അടിസ്ഥാനപരമായ കാരണമില്ല എന്ന് ചൂണ്ടിക്കാട്ടി കർണ്ണാടക ഹൈക്കോടതി ഏപ്രിൽ 22-ന് തള്ളിയ ഇലക്ഷൻ ഹർജിക്കെതിരെ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ്.
കർണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് സുനിൽ ദത്ത് യാദവിൻ്റെ ബെഞ്ച്, ഈ ഹർജിയിലെ വാദങ്ങളെല്ലാം വ്യക്തതയില്ലാത്തതും അശ്രദ്ധമായി തയ്യാറാക്കിയതും, മുൻ ഹർജികളുടെ പകർപ്പ് ആണെന്നും വിലയിരുത്തിയിരുന്നു. ഹർജിക്ക് അടിസ്ഥാനപരമായ കാരണമില്ലാത്തതിനാലും നിയമം വിലക്കുന്നതിനാലും അത് തള്ളുകയാണ് എന്നും ജസ്റ്റിസ് യാദവ് വ്യക്തമാക്കിയിരുന്നു. വരുണ മണ്ഡലത്തിലെ ഒരു വോട്ടറാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങൾ ജനപ്രാതിനിധ്യ നിയമ പ്രകാരം, കൈക്കൂലി നൽകുന്നതും അനാവശ്യ സ്വാധീനം ചെലുത്തുന്നതും ആയി കണക്കാക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സ്ഥാനാർത്ഥിയെന്ന നിലയിൽ സിദ്ധരാമയ്യ ഈ വാഗ്ദാനങ്ങൾക്ക് കൂട്ടുത്തരവാദിയാണെന്നും, കാരണം അദ്ദേഹത്തിൻ്റെ ചിത്രം മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം 'ഗ്യാരണ്ടി കാർഡുകൾ' വിതരണം ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam