
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു വേദിയില്‍ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി എം ആര്‍ ഷാ. ജനപ്രീയനും സ്നേഹിക്കപ്പെടുന്നവനും ദീര്‍ഘദര്‍ശിയുമായ നേതാവാണ് മോദിയെന്നാണ് എം ആര്‍ ഷാ വിശേഷിപ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വച്ചാണ് സുപ്രീംകോടതി ജഡ്ജി പ്രധാനമന്ത്രിയെ പ്രശംസ കൊണ്ട് മൂടിയത്.
ചടങ്ങില്‍ മോദിയും പങ്കെടുത്തിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷാ പറഞ്ഞു. അതും ജനപ്രീയനും ദീര്‍ഘദര്‍ശിയും ഊര്‍ജ്ജസ്വലനുമായ ബഹുമാനപ്പെട്ട നരേന്ദ്രഭായ് മോദിക്കൊപ്പം പങ്കെടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല മോദിയെ ഷാ പ്രശംസിക്കുന്നത്. നേരത്തെ, 2019ല്‍ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന അവസരത്തില്‍ മോദി തനിക്ക് മാതൃകയും ഹീറോയുമാണെന്ന് ഷാ പറഞ്ഞിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ചടങ്ങില്‍ എം ആര്‍ ഷാ മാത്രമല്ല മോദിയെ പുകഴ്ത്തിയത്. രാജ്യത്തോടുള്ള പ്രതിബദ്ധത കൊണ്ട് മോദി ഏറെ ജനപ്രീയനാണ് എന്നാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞത്.
എം ആര്‍ ഷായുടെ മോദി സ്തുതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൊതു ചടങ്ങുകളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. ഒരു സിറ്റിംഗ് സുപ്രീംകോടതി ജഡ്ജി പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു പോയെന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ഗോപാല ഗൗഡ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam