ചിദംബരത്തിന് ആശ്വാസം, സിബിഐ കസ്റ്റഡിയിൽ തുടരട്ടെയെന്ന് സുപ്രീംകോടതിയും, തിഹാറിലേക്കില്ല

By Web TeamFirst Published Sep 3, 2019, 3:48 PM IST
Highlights

മുൻ ധനമന്ത്രി പി ചിദംബരത്തെ ഇനി സിബിഐ കസ്റ്റഡിയിൽ വേണ്ടെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടും സുപ്രീംകോടതി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിൽത്തന്നെ വിട്ടു, തിഹാർ ജയിലിലേക്ക് മാറ്റിയില്ല. 

ദില്ലി: മുൻ ധനമന്ത്രി പി ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു. 73 വയസ്സുള്ള ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതിയിലും അഭിഭാഷകർ വാദിച്ചിരുന്നു. 

"ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ'', എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്. 

എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. എന്നാൽ ഇതിനെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‍ത ശക്തമായി എതിർത്തു. ''ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാഗ്രഹിക്കുന്നില്ല എന്നതു കൊണ്ടോ, ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടോ കോടതി അത്തരമൊരു ഉത്തരവ് പാസ്സാക്കേണ്ടതുണ്ടോ?'', എസ്‍ജി മേഹ്‍ത ചോദിച്ചു. വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും എസ്‍ജി വാദിച്ചു. 

അതേസമയം, ചിദംബരത്തിന്‍റെ ജാമ്യത്തിനായി ഇനി കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 5 വരെ വാദിക്കുകയോ അപേക്ഷ നൽകുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‍വിയും കോടതിയിൽ ഉറപ്പ് നൽകി. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ തിഹാറിലേക്ക് അയക്കേണ്ടതില്ല, അദ്ദേഹം സിബിഐ കസ്റ്റഡിയിൽ തുടരട്ടെയെന്ന് സുപ്രീംകോടതിയും നിലപാടെടുത്തത്. 

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന അപേക്ഷ ദില്ലി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം പിന്നീട് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹർജി നൽകിയ അന്ന് രാത്രി തന്നെ സിബിഐ അദ്ദേഹത്തിന്‍റെ വീട്ടിൽ മതിൽ ചാടിക്കടന്ന് കയറി സിബിഐയും എൻഫോഴ്‍സ്മെന്‍റും ചിദംബരത്തെ അറസ്റ്റ് ചെയ്തു. 

ആഗസ്റ്റ് 21 രാത്രി മുതൽ അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. എൻഫോഴ്‍സ്മെന്‍റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനൊരുങ്ങിയിരുന്നെങ്കിലും സുപ്രീംകോടതി തൽക്കാലം അത് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡി കേസിലെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച സുപ്രീംകോടതി വിധി പറയും.                                                             

ചിദംബരത്തിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ജയിലിലേക്കയക്കാമെന്നും കേന്ദ്രസർക്കാർ വാദിക്കുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹത്തിന്‍റെ അഭിഭാഷകസംഘം, ഇത്രയും പ്രായമായ അദ്ദേഹത്തെ ജയിലിലേക്ക് അയക്കരുതെന്ന് ശക്തമായി സിബിഐ പ്രത്യേക കോടതിയിലും സുപ്രീംകോടതിയിലും വാദിച്ചിരുന്നു. 

click me!