ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി 27-ന് പരിഗണിക്കും

By Web TeamFirst Published Jan 20, 2023, 10:59 AM IST
Highlights

വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ വാദം.

ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി ഈ  മാസം 27-ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാൽ  അടിയന്തരമായി വാദം കേൾക്കണമെന്ന്ഹർജിയിൽ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിൻ്റെ മുന്നിൽ ഹർജി പരാമർശിച്ചത്. വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടെന്തെന്ന് അറിഞ്ഞ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാം എന്ന് അറിയിച്ചു കൊണ്ട് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത്. 

വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ വാദം. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യങ്ങൾ സുപ്രീം കോടതിയുടെ മുൻ വിധികളിലുണ്ടെന്നും ഹർജിയിലുണ്ട്. 

അഭിഭാഷകൻ ശശി പ്രഭുവാണ് മുഹമ്മദ് ഫൈസിലാനായി ഹർജി ഫയൽ ചെയ്തത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കോടതിയിൽ ഹാജരാകും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകർ നാളെ ആവശ്യപ്പെടും. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

വധശ്രമക്കേസിൽ മുൻ എംപി ജയിലിൽ ആയതോടെയാണ് ലക്ഷദ്വീപിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് എത്തിയത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന  ആവശ്യം ഹൈക്കോടതി അംഗീകരിച്ചാൽ മുഹമ്മദ് ഫൈസലിൻറെ അയോഗ്യത ഇല്ലാതാകും. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വെറുതെയാകും. ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ അന്ന് മുതൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാകുമെന്നാണ് ചട്ടം.  വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ സെഷൻ കോടതിക്ക് മുകളിലുള്ള മേൽക്കോടതികൾ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യത ഇല്ലാതാകും. പാലമെൻ്റ് നടപടികളിൽ പങ്കെടുക്കാനും നിയമപരമായി സാധിക്കും. 

നിലവിൽ കവരത്തി കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസലിൻറെ രണ്ട് ഹർജികൾ ഹൈക്കോടതിയ്ക്ക് മുന്നിലുണ്ട്. ഒന്ന് ശിക്ഷ റദ്ദാക്കണമെന്നതും രണ്ട് ശിക്ഷ  നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തിൽ വിടണമെന്നുമാണ്. ജയിൽ മോചിതനാക്കണമെന്ന ആവശ്യത്തിൽ വെള്ളിയാഴ്ച  കോടതി വിധി പറയും. എന്നാൽ ഇത് കൊണ്ട്  കൊണ്ട് അയോഗ്യത മാറില്ല. പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും വാദം നടത്താനാണ് തീരുമാനം. കേസിൽ അനുകൂല വിധി വന്നാൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ലോകസഭ സെക്രട്ടറിയുടെ ഉത്തരവ് ഇല്ലാതാകും. തെരഞ്ഞെടുപ്പും ഒഴിവാക്കേണ്ടിവരും.

click me!