പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി

Published : Jul 13, 2020, 10:49 AM ISTUpdated : Jul 13, 2020, 10:56 AM IST
പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി

Synopsis

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സർക്കാരും രാജകുടുംബവും തമ്മിൽ നിലനിന്ന തർക്കത്തിനാണ് വർഷങ്ങളിൽ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ പരമോന്നത നീതിപീഠം  വിധി പറയുന്നത്. 

ദില്ലി: പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിൽ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി നൽകി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. 

2014-ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്പോൾ രാജകുടുംബത്തിന് അനുകൂലമായ രീതിയിൽ കേസ് മാറി മറിഞ്ഞതായാണ് വിധിയിൽ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിൻ്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ രാജകുടുംബത്തിനെതിരെ രൂക്ഷവിമർശനമുണ്ടായിരുന്നു.

സിഎജി വിനോദ് റായിയും ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ പല അപാകതകളുമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത്രയും പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ക്ഷേത്രഭരണത്തിൽ പങ്കാളിയാവാൻ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമായിരിക്കും നൽകുക. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിർണായകമാവും.ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിൻ്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സർക്കാരും രാജകുടുംബവും തമ്മിൽ നിലനിന്ന തർക്കത്തിനാണ് വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ പരമോന്നത നീതിപീഠം  വ്യക്തത വരുത്തുന്നത്. ക്ഷേത്ര ഉടമസ്ഥത ആർക്ക്? ക്ഷേത്ര ഭരണം എങ്ങനെ വേണം? രാജകുടുംബത്തിന് അവകാശമുണ്ടോ? സ്വത്തിന്റെ അവകാശം ആർക്ക്? ബി നിലവറ തുറക്കണോ? തുടങ്ങി വിവിധ നിയമപ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമാണ് സുപ്രീംകോടതി ഇന്നു തീർപ്പ് കൽപിക്കുന്നത്.

ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഇപ്പോൾ വിധി പറയുന്നത്.

ക്ഷേത്രഭരണം സംസ്ഥാന സർക്കാരിന് വിട്ടു കൊടുത്തു കൊണ്ട് 2011-ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് തിരുവിതാംകൂർ രാജകുടുംബും സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രഭരണം രാജാവിനാണെന്നും രാജാവിൻ്റെ അനന്തരാവകാശിക്ക് കേസിൻ്റെ നടത്തിപ്പ് കൈമാറാനാവില്ലെന്നും ഹൈക്കോടതി അന്നു വിധിച്ചിരുന്നു. ക്ഷേത്രത്തിലേയും നിലവറകളിലേയും അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രനും ജസ്റ്റിസ് കെ.സുരേന്ദ്രമോഹനും അധ്യക്ഷനായ ബെഞ്ച് അന്നു വിധിച്ചു. 

ഈ വിധിയെ ചോദ്യം ചെയ്ത് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ ചൊല്ലിയുള്ള നിയമപ്പോരാട്ടം പരമോന്നത നീതിപീഠത്തിൽ ആരംഭിച്ചത്. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കി നടത്താനുള്ള അവകാശം തങ്ങൾക്കാണെന്നും രാജകുടുംബം കോടതിയിൽ വാദിച്ചു. ക്ഷേത്ര സ്വത്തിൽ തങ്ങൾ അവകാശം ഉന്നയിക്കുന്നില്ലെന്നും പദ്മനാഭസ്വാമി ക്ഷേത്രം  പൊതുക്ഷേത്രം തന്നെയാണെന്നും രാജകുടുംബം പദ്മനാഭസ്വാമി ദാസൻമാരാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്