
റായ്പൂര്‍ : നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ 2024 മാര്‍ച്ച് മുതലുള്ള പണം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.
2024 മാര്‍ച്ച് മുതല്‍ സണ്ണി ലിയോണിന്റെ പേരില്‍ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാല്‍ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവിന് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായി ഇയാള്‍ നല്‍കിയിരിക്കുന്നത് ജോണി സിന്‍സിന്റെ പേരാണ്.
വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. തുടർ നടപടികൾക്കായി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടർ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു വീഴ്ച്ച പറ്റിയത് പ്രതിപക്ഷമായ കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയം കോൺഗ്രസ് രാഷ്ട്രീയമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോയും പ്രതികരിച്ചു. കോൺഗ്രസിന് നൽകാൻ കഴിയാതിരുന്ന സഹായം ഇപ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്ക് ലഭിക്കുന്നതാണ് കോൺഗ്രസിന് വേദനയുണ്ടാക്കുന്നതെന്നും സാവോ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam