
ദില്ലി: സ്ത്രീകളോടുള്ള വിരോധം തീർക്കാൻ 16കാരിയായ പെൺകുട്ടിക്ക് നേരെ രാസവസ്തു എറിഞ്ഞ് ആക്രമണം. കഴിഞ്ഞയാഴ്ച വടക്കൻ ദില്ലിയിലെ ബുരാരിയിലാണ് സംഭവം. 16 വയസ്സുള്ള പെൺകുട്ടിയെ സ്കൂൾ വിദ്യാർഥി രാസവസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടികളോട് പൊതുവായ വിരോധം പ്രകടിപ്പിക്കാനാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടിയുമായി വിദ്യാർഥിക്ക് യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ജനുവരി 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബന്ധുവിനെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്ന സമയത്താണ് സംഭവം നടന്നതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ശാസ്ത്രി പാർക്ക് എക്സ്റ്റൻഷനിൽ പെൺകുട്ടി എത്തിയപ്പോൾ അവളുടെ മുഖത്തേക്ക് പൊള്ളലുണ്ടാക്കുന്ന രാസവസ്തു എറിയുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പൊലീസ് പ്രതിയായ ആൺകുട്ടിയിലേക്കെത്തുന്നത്. ആക്രമിച്ച ശേഷം കുട്ടി ഒരുകിലോമീറ്ററോളം ഓടി. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലെങ്കിലും വസ്ത്രധാരണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
നീല ട്രൗസർ, വെള്ള തൂവാല മാസ്‌ക്, ജാക്കറ്റ്, ബാക്ക്‌പാക്ക്, സ്‌പോർട്‌സ് ഷൂ എന്നിവയായിരുന്നു പ്രതിയുടെ വേഷം. കാസ്റ്റിക് പൗഡർ വെള്ളത്തിൽ ലയിപ്പിച്ച് കുപ്പിയിലാക്കി എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam