'പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന് ആണ്‍കുട്ടികളുടെ പ്രതിജ്ഞ': പുതിയ പദ്ധതിയുമായി കെജ്രിവാള്‍

By Web TeamFirst Published Dec 13, 2019, 5:28 PM IST
Highlights

''ആണ്‍കുട്ടികളുടെ ധാര്‍മ്മികതാ ബോധം വളര്‍ത്താനായി  ബോധപൂര്‍വ്വം ഇടപെടേണ്ടത് അത്യാവിശ്യമാണ്. മോശം പെരുമാറ്റത്തിന് അവരെ ഒരിക്കലും അനുവദിക്കരുത്.''  

ദില്ലി:  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നത് തടയാനായി സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പുതിയ പദ്ധതിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന് ആണ്‍കുട്ടികളെ കൊണ്ട് സ്കൂള്‍ വിദ്യാഭാസകാലത്ത് തന്നെ പ്രതിജ്ഞ എടുപ്പിക്കാനാണ് പദ്ധതി.

ഒരിക്കലും പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന് പ്രൈവറ്റ് സ്കൂളുകളിലെ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. താനും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയെന്ന് ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ആണ്‍കുട്ടികളുടെ ധാര്‍മ്മികതാ ബോധം വളര്‍ത്താനായി  ബോധപൂര്‍വ്വം ഇടപെടേണ്ടത് അത്യാവിശ്യമാണ്. മോശം പെരുമാറ്റത്തിന് അവരെ ഒരിക്കലും അനുവദിക്കരുത്. ഒരു കാരണവശാലും പെണ്‍കുട്ടികളോട് മോശമായി പെരുമാറരുതെന്ന് നാം അവരെ പഠിപ്പിക്കേണ്ടവരുണ്ട്.  അത്തരത്തില്‍ പെരുമാറുന്നവരെ വീട്ടില്‍ കയറ്റില്ലെന്ന് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. ഇത്തരം സംവാദങ്ങള്‍ ആണ്‍കുട്ടികളുമായി രക്ഷിതാക്കള്‍ നിരന്തരം നടത്തണമെന്നും കെജ്രിവാള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

പല കുടുംബങ്ങളും ആണ്‍കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്കും പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കും അയക്കുന്നുണ്ട്. വല്ലാതെ അപകര്‍ഷധാബോധം പേറുന്നുണ്ട് അത്തരം പെണ്‍കുട്ടികള്‍. എന്നാല്‍ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകളിലുണ്ടായ വിപ്ലവകരമായ മാറ്റം തങ്ങള്‍ സഹോദരന്മാരോടൊപ്പം തുല്യരാണെന്ന ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.  
 

click me!